ഭക്ഷ്യ പൊതുവിതരണ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ കുടൂതല്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദേശം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ തല ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗത്തിലാണ് തീരുമാനം. ഭക്ഷ്യമേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതികളും സേവനങ്ങളും പരമാവധി ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമമുണ്ടാകണം. പഞ്ചായത്ത് തലത്തിലും ഭക്ഷ്യോപദേശക വിജിലന്‍സ് സമിതികള്‍ കൃത്യമായ ഇടവേളകളില്‍ ചേരണമെന്നും യോഗം വിലയിരുത്തി.

റേഷന്‍കടകള്‍ ഉള്‍പ്പെടെയുള്ള പൊതുവിതരണ സംവിധാനങ്ങൾ പരമാവധി പരാതി രഹിതമാക്കാന്‍ ശ്രമിക്കണമെന്നും ഏതെങ്കിലും സ്ഥലങ്ങളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നാല്‍ എത്രയും വേഗം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ക്രമക്കേടുകള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. ഒപ്പം പദ്ധതി, വാതില്‍പ്പടി സേവനം, സഞ്ചരിക്കുന്ന റേഷന്‍കട, ഗര്‍ഭിണികള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടയുള്ള സേവനങ്ങള്‍ കാര്യക്ഷമമായി മുന്‍പോട്ട് കൊണ്ടുപോകണം. ഭക്ഷ്യ ഭദ്രത നിയമം അനുശാസിക്കുന്ന വിധം അര്‍ഹരായവര്‍ക്ക് സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും യോഗത്തില്‍ ധാരണയായി.

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി. വി. ശ്രീനിജിന്‍ എം.എല്‍.എ, ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ പി. വസന്തം, ജില്ലാ സപ്ലൈ ഓഫീസര്‍ ടി. സഹീര്‍, ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.