യൂറോപ്യൻ യൂണിയന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഏഷ്യൻ പാർട്ണർഷിപ്പ് ഫെസിലിറ്റി പദ്ധതിയുടെ വിദഗ്ധ സമിതി അംഗങ്ങൾ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പഠിക്കുന്നതിനുമാണ് വിദഗ്ധസമിതി കൊച്ചിയിൽ എത്തിയത്.
അപകട സാധ്യതകൾ, വെള്ളപ്പൊക്കത്തിന് മുന്നോടിയായി സ്വീകരിക്കേണ്ട ഒരുക്കങ്ങൾ, ജനങ്ങളിൽ അവബോധം വളർത്തൽ, വെള്ളപ്പൊക്കത്തിന്റെ ഉറവിടം, ഭീഷണി നേരിടുന്ന സ്ഥലങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങളുടെ ചെലവ് തുടങ്ങിയ കാര്യങ്ങൾ സമിതി അംഗങ്ങൾ ചർച്ച ചെയ്തു. കൊച്ചിയിലെ വെള്ളപ്പൊക്കം പ്രതിരോധിക്കാൻ ദീർഘ, ഹ്രസ്വകാല പദ്ധതികൾ സംഘം നിർദേശിച്ചു. വിവിധ വകുപ്പുകളുമായി കൂടിക്കാഴ്ച നടത്തണമെന്നും വര്‍ക്ക് ഷോപ്പുകൾ സംഘടിപ്പിക്കണമെന്നും സമിതി അംഗങ്ങൾ നിർദേശിച്ചു.
കളക്ടറുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദു മോൾ, ഏഷ്യൻ പാർട്ണർഷിപ്പ് ഫെസിലിറ്റി പദ്ധതിയുടെ വിദഗ്ധ സമിതി അംഗങ്ങളായ നാരായൺ ഭട്ട്, ഗോപേഷ് ശ്രീവാസ്തവ്, ശക്തിവേൽ ബീമാചാര്യ, മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ ബാജി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.