വെള്ളിമാടുകുന്ന് ആഫ്ടർ കെയർ ഹോമിൽ ഒരുക്കിയ ഹോം ലൈബ്രറി ജില്ലാ കലക്ടർ എ.ഗീത ഉദ്ഘാടനം ചെയ്തു. വായനയിലൂടെ ലഭിക്കുന്ന വിശാലമായ ഉൾകാഴ്ചകൾ നമ്മുടെ ചിന്തകളെ നവീകരിക്കാൻ സഹായിക്കുമെന്ന് കലക്ടർ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ക്യാമ്പസുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘ഹാപ്പി ഹിൽ’ പദ്ധതിയുടെ ഭാഗമായാണ്‌ ലൈബ്രറി ഒരുക്കിയത്.

കോഴിക്കോട്‌ ഹോളി ക്രോസ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്മെന്റ്‌ ആൻഡ് ടെക്നോളജി, ദേവഗിരി സെന്റ്‌ ജോസഫ്സ്‌ കോളേജ്‌, പ്രൊവിഡൻസ്‌ വിമൻസ്‌ കോളേജ്‌ ഉൾപ്പെടെ ജില്ലയിലെ മറ്റു കോളേജുകളുടെ സഹകരണത്തോടെയാണ് ലൈബ്രറി സാധ്യമാക്കിയത്. രണ്ട് ആഴ്ചകളിലായി സംഘടിപ്പിച്ച സാമൂഹ്യ മാധ്യമ ക്യാമ്പയിന്റെ ഫലമായി നിരവധി പേരാണ്‌ പുസ്തക ശേഖരണത്തിൽ പങ്കാളികളായത്. സ്കൂൾ കുട്ടികൾ മുതൽ പുസ്തകശാലകൾ, സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ സമാഹരണത്തിൽ പങ്കാളികളായി. ക്യാമ്പയിനിലൂടെ ആയിരത്തോളം പുസ്തകങ്ങൾ സ്വരൂപിച്ചു. ജില്ലാ കലക്ടറുടെ ഇന്റേർൺസാണ്‌ പദ്ധതിയുടെ ഏകോപനം നിർവഹിച്ചത്.

ഉദ്ഘാടന ചടങ്ങിൽ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി, സാമൂഹിക പ്രവർത്തക നർഗീസ് ബീഗം, ഹോം സൂപ്രണ്ട് സൽമ പി.സി. തുടങ്ങിയവർ സംസാരിച്ചു. ആഫ്ടർ കെയർ ഹോമിലെ അന്തേവാസികളുമായി ഇടപഴകിയും അവരോടൊപ്പം സമയം ചെലവഴിച്ചുമാണ് കലക്ടർ മടങ്ങിയത്.