അണക്കര ഗവ എച്ച് എസ് സ്‌കൂളിനെ ‘ഗ്രീന്‍ ക്യാമ്പസ് ക്ലീന്‍ ക്യാമ്പസ്’ ആയി വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. അതോടൊപ്പം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനാണ് മുന്‍ഗണന നല്‍കുന്നത്. വിദ്യാഭ്യാസമേഖലയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതിയ കഴിഞ്ഞ 7 വര്‍ഷ കാലയളവില്‍ 3,800 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 23 ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശുചീകരണ പ്രവത്തനങ്ങളുടെ ഭാഗമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഡ്രൈ ഡേ സംഘടിപ്പിക്കുന്നതിന് എല്ലാ വിദ്യാലയങ്ങളും സഹകരിക്കണമെന്ന് മന്ത്രി ആവശ്യപെട്ടു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ക്യാമ്പസുകളിലും പരിസരങ്ങളിലും വര്‍ധിച്ചു വരുന്ന അപകടകരമായ ലഹരി ഉപയോഗം തടയാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു മുഖ്യപ്രഭാഷണം നടത്തി.

പീരുമേട് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 64 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ്, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ രാമചന്ദ്രന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ രാരിച്ചില്‍ നീറണാക്കുന്നേല്‍,കുസുമം സതീഷ്, ഷൈനി റോയ്, അമ്മിണി ഗോപാലകൃഷ്ണന്‍, ആന്റണി സ്‌കറിയ കുഴിക്കാട്ട്, ജിഎച്ച്എസ്എസ് അണക്കര ഹെഡ്മാസ്റ്റര്‍ സി രാജശേഖരന്‍, പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ടി ആര്‍ അജിതകുമാരി, എസ്എംസി ചെയര്‍പേഴ്‌സണ്‍ ആന്‍സി ജോസഫ്, പിടിഎ പ്രസിഡന്റ് ടോമിച്ചന്‍ കോഴിമല, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ അജി പോളച്ചിറ, വി മുരളി, സനീഷ് ചന്ദ്രന്‍, വി ജി സുരേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.