പച്ചക്കുട – സമഗ്ര കാർഷിക പാരിസ്ഥിതിക വികസന പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന കൃഷി വകുപ്പും സംയുക്തമായി നടത്തിയ കാർഷിക വിപണനമേളയ്ക്കും ഞാറ്റുവേലച്ചന്തയ്ക്കും തുടക്കം കുറിച്ചു. കാറളം പഞ്ചായത്തിലെ താണിശ്ശേരി പാലത്തിന് സമീപമുള്ള മേപ്പിൾ വെന്യൂസ് ഹാളിൽ നടന്ന കാർഷികോത്സവത്തിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു തിരിതെളിയിച്ചു. കാർഷിക മേഖലയ്ക്ക് കരുതൽ നൽകിക്കൊണ്ട് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ സമഗ്ര കാർഷിക പുരോഗതി ലക്ഷ്യമിടുന്ന പദ്ധതിയാണ് പച്ചക്കുട.
കാർഷിക മേഖലയ്ക്ക് ഒരു പ്രാഥമിക ഉൽപാദന മേഖല എന്ന നിലയിൽ ഏറ്റവും പ്രധാനപ്പെട്ട മുൻകരുതലുകൾ സർക്കാർ നൽകിയിട്ടുണ്ട്. കൂടുതൽ കാർഷികോൽപാദനം ഉറപ്പാക്കാൻ സഹായകരമായ പദ്ധതികൾ നടപ്പിലാക്കുകയും ഉൽപാദനത്തിനും സംരംഭത്തിനും വിതരണത്തിനും കർഷകരോടൊപ്പം എല്ലാതരത്തിലും ഒപ്പം ഉണ്ട്. വാണിജ്യ അടിസ്ഥാനമായ കാഴ്ചപ്പാടോടുകൂടി കൃഷി എന്ന പദത്തിന്റെ ഉദ്ദേശം നടപ്പിലാക്കും എന്ന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ചു.തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലതാ ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
തൈകൾ, വിത്തുകൾ, നടീൽ വസ്തുക്കൾ, കാർഷിക ഉപകരണങ്ങൾ, ഉൽപാദനോപാധികൾ, ജീവാണു വളങ്ങൾ, ജൈവ- രാസവളങ്ങൾ, അലങ്കാര സസ്യങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ പ്രദർശനവും വിപണവുമാണ് ഞാറ്റുവേല ചന്തയിൽ ഒരുക്കിയിട്ടുള്ളത്.
ഉദ്ഘാടനത്തിനുശേഷം ശാസ്ത്രീയ വാഴകൃഷി പരിപാലനവും സംയോജിത രോഗ-കീട നിയന്ത്രണവും എന്ന വിഷയത്തിൽ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഗവാസ് രാഗേഷ് സെമിനാർ അവതരിപ്പിച്ചു. ശേഷം കുടുംബശ്രീ പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ ഉണ്ടായി.
ഇന്ന് കന്നുകാലികളിൽ ചെള്ളുകൾ പടർത്തുന്ന മാരക രോഗങ്ങളും അവയുടെ നിയന്ത്രണ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ സെമിനാർ കാറളം വെറ്ററിനറി ഡിസ്പെൻസറി ഡോ. കെ.എൽ ജോൺസൺ ക്ലാസ് എടുക്കും.
ചാലക്കുടി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എം.എം ജിബിന ശാസ്ത്രീയ മത്സ്യകൃഷി എന്ന വിഷയത്തിൽ സെമിനാർ എടുക്കും.തുടർന്ന് ഹൈസ്ക്കൂൾ വിദ്വാർത്ഥികൾക്കായുള്ള ക്വിസ് മത്സരം ഉണ്ടാകും. സമയ കലാഭവൻ കൊറ്റനെല്ലൂർ ടീം നാടൻപാട്ടുകൾ അവതരിപ്പിക്കും.
കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റൻറ് ഡയറക്ടർ എസ് മിനി, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി,കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി ലത, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, തൃശ്ശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ സൈജ ജോസ്, ആത്മ പ്രോജക്ട് ഡയറക്ടർ നീന കെ മേനോൻ, കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ, കാറളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എസ് ബാബു, ബി എഫ് എ സി ആത്മ ഇരിങ്ങാലക്കുട ചെയർമാൻ കെ കെ ഷൈജു തുടങ്ങിയവർ പങ്കെടുത്തു.