നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പീരുമേട്ടിലെ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പൊതുവിതരണ വകുപ്പ്, ലീഗല്‍ മെട്രോളജി, റവന്യൂ, പോലീസ് എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് ജില്ലയിലെങ്ങും താലൂക്കുതലത്തില്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പാമ്പനാര്‍ ടൗണില്‍ നടന്ന പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

താലൂക്ക് സപ്ലൈ ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.