ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് സമൂഹത്തിലെ എല്ലാ ശ്രേണിയിലേയും ജനങ്ങളെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്തർ ദേശീയ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരി വിമുക്ത ഭാരതമെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നശാമുക്ത് ഭാരത് അഭിയാൻ ക്യാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൊച്ചി കോർപ്പറേഷൻ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബലാൽ ഉദ്ഘാടനം നിർവഹിച്ചു.

രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയ൯സിലെ സോഷ്യൽ വർക്ക്‌ ഡിപ്പാർട്ട്മെന്റിന്റെയും തൃക്കാക്കര ഭാരത് മാതാ കോളേജിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കലൂർ റിന്യുവൽ സെന്ററിൽ നടത്തിയ പരിപാടിയിൽ സാമൂഹ്യ നീതി ഓഫീസ൪ ഇ൯ ചാർജ് എം.വി. സ്മിത അധ്യക്ഷത വഹിച്ചു. രാജഗിരി കോളേജ് അസിസ്റ്റന്റ് പ്രൊഫസറും നശാമുക്ത് ഭാരത് അഭിയാൻ ജില്ലാ കോ-ഓഡിനേറ്ററുമായ ഡോ. കെ. ആർ. അനീഷ്, മലങ്കര മെഡിക്കൽ മിഷൻ ഇന്റർഗ്രേറ്റഡ് റീഹാബിലിറ്റേഷൻ സെന്റർ പ്രൊജക്ട് ഡയറക്ടറും നശാമുക്ത് ഭാരത് അഭിയാൻ ജില്ലാ കോ-ഓഡിനേറ്ററുമായ ഫ്രാൻസിസ് മൂത്തേടൻ എന്നിവർ ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് സെമിനാർ നയിച്ചു.

ജില്ലയിൽ ലഹരിക്കെതിരെ സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ഡ്രീം കൊച്ചി ജില്ലാ കോ-ഓർഡിനേറ്റർ ഷിബിൻ ഷാജി വർഗീസ്, പ്രൊബേഷൻ ഓഫീസർ സബീന ബീഗം എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് കലൂർ ബസ് സ്റ്റാന്റിൽ രാജഗിരി കോളേജിലെയും ഭാരത മാത കോളേജിലേയും വിദ്യാത്ഥികൾ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ളാഷ് മോബും തെരുവ് നാടകവും അവതരിപ്പിച്ചു.