ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ ആരംഭിച്ച സംസ്ഥാനമായി കേരളം മാറിയതായി തുറമുഖം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെസ്റ്റ് വെസ്റ്റ് ഹിൽ ഗവ. എൻജിനീയറിങ് കോളേജിൽ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം മാത്രം ഒരു ലക്ഷത്തി നാല്പത്തിനായിരത്തോളം സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

മികച്ച തൊഴിൽ സംസ്കാരം നിലനിൽക്കുന്ന സംസ്ഥാനമെന്ന നിലയിൽ എല്ലാവർക്കും തൊഴിൽ നേടാനുള്ള അവസരം ഒരുക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് മന്ത്രി പറഞ്ഞു. തൊഴിലില്ലാത്ത ഇരുപത് ലക്ഷം അഭ്യസ്തവിദ്യർക്ക് ഡിജിറ്റൽ മേഖലയിൽ തൊഴിൽ നൽകുന്നതിന് ബൃഹത്തായ തൊഴിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സംരംഭകത്വ വർഷ പദ്ധതിയുടെ ഭാഗമായി ഒന്നര ലക്ഷത്തോളം സംരംഭങ്ങളും അതുവഴി രണ്ടര ലക്ഷത്തോളം പേർക്ക് തൊഴിലും ഉറപ്പാക്കാൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.

എം.കെ രാഘവൻ എം പി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സി എസ് സത്യഭാമ, ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. രഘുരാജ് പി സി, പ്ലേസ്മെന്റ് ഓഫീസർ ഡോ. അനിരുദ്ധൻ പി എന്നിവർ സംസാരിച്ചു. ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ എം ആർ രവികുമാർ സ്വാഗതവും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ രാജീവൻ പി നന്ദിയും പറഞ്ഞു.