അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, വയനാട് ആരോഗ്യ കേരളം, മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ വിനയന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ ജനറല്‍ ആശുപതി നോഡല്‍ ഓഫീസര്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ് വിഷയാവതരണം നടത്തി.
‘മനുഷ്യന് പ്രാധാന്യം നല്‍കാം: ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താം’ എന്നതാണ് ഈ വര്‍ഷത്തെ ലഹരിവിരുദ്ധ ദിനത്തിന്റെ സന്ദേശം. ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും അനധികൃത കടത്തിനുമെതിരായ സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് ദിനാചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. ലഹരി എന്ന വിപത്തിനെതിരെ സമൂഹത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതല്‍ ജൂണ്‍ 26 ന് ലഹരിവിരുദ്ധ ദിനമായി ആചരിച്ചുവരുന്നത്.
ഡെപ്യൂട്ടി ഡി.എം.ഒ പ്രിയ സേനന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍, മീനങ്ങാടി സി.എച്ച്.സി സൂപ്പര്‍വൈസര്‍ എം. ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.