സാമൂഹ്യനീതി വകുപ്പിന്റെ സ്‌നേഹയാനം പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരുടെ അമ്മമാരായ രണ്ടു പേർക്ക് ഇ-ഓട്ടോ സമ്മാനിച്ചു. കലക്ടറേറ്റ് പരിസരത്ത് ജില്ലാ പ്രസിഡഡന്‌റ് പി.പി ദിവ്യയും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറും ചേർന്ന് സംയുക്തമായി താക്കോൽ കൈമാറി. ഗുണഭോക്താക്കളായ കടലായിയിലെ കെ പവിത, കൂത്തുപറമ്പ് നിർമ്മലഗിരിയിലെ വലിയാണ്ടി ഷാഹിദ എന്നിവർ ഇ-ഓട്ടോ ഏറ്റുവാങ്ങി. 3.70 ലക്ഷം രൂപ വിലവരുന്ന ഇ-ഓട്ടോറിക്ഷകൾ തികച്ചും തികച്ചും സൗജന്യമായാണ് വിതരണം ചെയ്തത്. ഗുണഭോക്താക്കളുടെ വീട്ടിൽ ഇലക്ട്രിക് ഓട്ടോ ചാർജിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ സാമൂഹ്യനീതി ഓഫീസർ എം അഞ്ജു മോഹൻ, എൽ എൽ സി കൺവീനർ സിറാജ് എന്നിവർ പങ്കെടുത്തു.

നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെടുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസബിലിറ്റി തുടങ്ങിയ രോഗാവസ്ഥയിലുളള ഭിന്നശേഷിക്കാരുടെ നിർധനരായ അമ്മമാർക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോ നൽകുന്ന പദ്ധതിയാണ് സ്‌നേഹയാനം. ജില്ലാ കലക്ടർ അധ്യക്ഷനായ നാഷണൽ ട്രസ്റ്റ് ലോക്കൽ ലെവൽ കമ്മിറ്റിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.