വായന പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് രായമംഗലം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ വായനശാലകൾക്ക് പുസ്തകം വിതരണം ചെയ്യുന്നതിന് പുറമെ പരമാവധി ആളുകളെ വായനയുടെ ലോകത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി രണ്ട് പദ്ധതികൾ കൂടി ഇവിടെ തുടക്കം കുറിച്ചു.
നൂതന ആശയം എന്ന നിലയിൽ രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്നവർക്കായി ഒരു ‘തുറന്ന ലൈബ്രറി’ സംവിധാനം ക്രമീകരിച്ചിരിക്കുകയാണ് അധികൃതർ. ഇതുവഴി പുതിയൊരു വായനാ സംസ്കാരം രൂപപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ചികിത്സയ്ക്ക് എത്തുന്നവരും കൂട്ടിരിപ്പുകാരും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. കുടുംബശ്രീ പ്രവർത്തകർ വഴി വാർഡ് തലത്തിൽ പുസ്തകങ്ങൾ എത്തിച്ചു വായനയെ പ്രോത്സാഹിപ്പിക്കുന്ന കുടുംബശ്രീ വായനക്കൂട്ടം എന്ന പദ്ധതിയും നടപ്പാക്കുന്നു. വായന കൂട്ടത്തിനും പഞ്ചായത്ത് പുസ്തകം ലഭ്യമാക്കുന്നുണ്ട്.
2023 – 24 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പഞ്ചായത്തിലെ വായനശാലകൾക്ക് പുസ്തക വിതരണം നടത്തിയത്. രണ്ട് ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്. പദ്ധതിയിലൂടെ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള 13 വായനശാലകൾക്കാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്. പുതു തലമുറ ഉൾപ്പെടെയുള്ള സമൂഹത്തെ വായനയിലേക്ക് കൂടുതൽ ആകർഷിക്കുകയാണ് തങ്ങളുടെ ഉദ്ദേശമെന്നും ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പി അജയകുമാർ പറഞ്ഞു.