സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊടവിളാകം ഗവ. എൽ.പി സ്‌കൂളിൽ പൂർത്തിയായ വർണ്ണകൂടാരം മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനം സി. കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
തുമ്പികൈ വഴി വെള്ളം ചീറ്റുന്ന ആനയും ഫൗണ്ടനും മാനും ഒട്ടകവും ജിറാഫും സീബ്രയും പറവകളുമെല്ലാം കൊടവിളാകം ഗവ.എൽ പി സ്കൂള്‍ അങ്കണത്തിലുണ്ട്. ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും ഇടം, ശാസ്ത്രയിടം, അകം കളിയിടം, പുറം കളിയിടം, ഹരിതയിടം, പഞ്ചേന്ദ്രിയ ഇടം, കരകൗശലയിടം, നിർമാണയിടം എന്നിങ്ങനെ 13 ഇടങ്ങളാണ് സ്‌കൂളിൽ ഒരുക്കിയിട്ടുള്ളത്.
18 ലക്ഷം രൂപയാണ് വര്‍ണക്കൂടാരമൊരുക്കാന്‍ ചെലവായത്. ക്ലാസ് മുറികളില്‍ ഭാഷയും ഗണിതവും ശാസ്ത്രവും പ്രകൃതിയും കലകളും അഭ്യസിക്കുന്നതിനുള്ള പ്രത്യേക ഇടങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത അധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് . കെ ബെൻ ഡാർവിൻ, പാറശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ബിജു, സ്കൂൾ ഹെഡ്മിസ്ട്രെസ് സുജ ജെ മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.