സമൂഹത്തിന് വലിയ ഭീഷണിയായ ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനം നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസിൻെറ നേതൃത്വത്തിൽ ഡ്രഗ് ഫ്രീ ഇന്ത്യ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്നേഹത്തിലൂടെയും സാഹോദര്യത്തിലൂടെയും ലഹരിക്കടിമകളായവരെ തിരിച്ചുകൊണ്ടുവരാൻ നമുക്ക് പറ്റണം. ലഹരിക്കെതിരെയുള്ള പ്രതിരോധം നടത്തേണ്ടത് യുവജനങ്ങളിലൂടെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റെ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ ഒറ്റയാൾ പോരാട്ടമല്ല നമ്മൾ നടത്തുന്നതെ നമ്മളും രാജ്യവും തന്നെ പോരാട്ടത്തിലാണെന്നും റൂറൽ ജില്ലാ പോലീസ് മേധാവി അഭിപ്രായപ്പെട്ടു.
സിനിമാതാരം ടോവിനോ തോമസ്, ഒളിമ്പ്യൻ ലിജോ ഡേവിഡ് എന്നിവരുടെ വിശിഷ്ട സാന്നിധ്യം വേദിയെ മഹനീയമാക്കി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി കെ ഷൈജു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് വാഹന റാലി നടത്തി.
വാഹന റാലിയുടെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ റവറൽ ഫാദർ ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പാൾ ഷീബ വർഗീസ്, വിവിധ വകുപ്പുതല അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.