വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകളോട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം കാലവർഷക്കെടുതി ദുരന്തനിവാരണ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റുന്നതിനും ജലാശയങ്ങളിൽ മാലിന്യങ്ങൾ ഉണ്ടെങ്കിൽ നീക്കം ചെയ്യുന്നതിനും കൊതുക് നിവാരണത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനും തയ്യാറായിരിക്കുന്നതിന് പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യ വകുപ്പ്, റവന്യൂ, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, കെ എൽ.ഡി.സി വകുപ്പുകളോട് ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡഡന്‌റ് ലളിത ബാലൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സന്ധ്യാ നൈസൺ,സെക്രട്ടറി കെ സി ജിനീഷ്, നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ ഉദ്യോഗസ്ഥർ പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യം, വൈദ്യുതി, റവന്യു, വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.