ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘നശാ മുക്ത് ഭാരത് അഭിയാൻ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഓപ്പറേഷന്‍ സല്‍സമുക്ക്’ പദ്ധതിക്ക് ജില്ലയില്‍ തുടക്കം. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എ.ഗീത നിര്‍വ്വഹിച്ചു. പൊതുസ്ഥലങ്ങളിലുള്ള ലഹരി ഉപയോഗം കുറക്കുന്നതിന് വഴിയൊരുക്കുക എന്ന ആശയമുയര്‍ത്തി സാമൂഹ്യ വിരുദ്ധര്‍ ലഹരി ഉപയോഗിക്കാനായി തിരഞ്ഞെടുക്കുന്ന പൊതുസ്ഥലങ്ങള്‍ കണ്ടെത്തി അവ സൗന്ദര്യവത്ക്കരിച്ച് പൊതുജനങ്ങള്‍ക്ക് ഉപയോഗയോഗ്യമാക്കി മാറ്റുന്ന പദ്ധതിയാണ് ‘ഓപ്പറേഷന്‍ സല്‍സമുക്ക്’.
ലഹരിക്ക് സാധ്യതയൊരുക്കുന്ന ഇത്തരത്തിലുള്ള ഇടങ്ങൾ മോടികൂട്ടി ഉപയോഗ യോഗ്യമാക്കി ഏവർക്കും ആസ്വദിക്കാവുന്ന സുരക്ഷിത ഇടങ്ങളാക്കി മാറ്റാനുള്ള ‘ഓപ്പറേഷൻ സൽസമുക്ക്’ ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും പദ്ധതി ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും ജില്ലാ കലക്ടർ ആഹ്വാനം ചെയ്തു. ജില്ലയിലെ യുവജന സംഘടനകളും ക്ലബ്ബുകളും വായനശാല കൂട്ടായ്മകളും ഇതിന്റെ നേതൃത്വമേറ്റെടുക്കണമെന്നും കലക്ടർ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഏകോപനത്തോടെ ആസൂത്രണം ചെയ്യുന്ന ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന ലഹരി വിരുദ്ധ അവബോധ പദ്ധതിയായ പുതുലഹരിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് ‘ഓപ്പറേഷന്‍ സല്‍സമുക്ക്’ സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായി മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള മതിലില്‍ മ്യൂറല്‍ വാള്‍ പെയിന്റിങ് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ 13 കോളേജുകളിലെ 130-ഓളം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പുതുലഹരി എന്ന ആശയത്തില്‍ 40 മീറ്റര്‍ നീളത്തിലാണ് മ്യൂറല്‍ വാള്‍ പെയിന്റിങ് മത്സരം നടത്തിയത്. മത്സരത്തിൽ സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ഒന്നാം സ്ഥാനം നേടി. അൽഫോൻസ കോളേജ് തിരുവമ്പാടി രണ്ടും പ്രൊവിഡൻസ് കോളേജ് മൂന്നും സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ജില്ലാ കലക്ടർ സമ്മാനം വിതരണം ചെയ്തു. തുടര്‍ന്ന് ഗവ. മോഡല്‍ സ്‌കൂളിലെ 200 ഓളംകുട്ടികളെ അണിനിരത്തിയുള്ള റാലിയും ലഹരിക്കെതിരെയുള്ള സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രിയപ്പെട്ടവര്‍ക്കായി കത്തെഴുത്തും സംഘടിപ്പിച്ചു.
ചടങ്ങില്‍ മോഡല്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ റീന അധ്യക്ഷത വഹിച്ചു. നാര്‍ക്കോട്ടിക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍, പ്രിന്‍സിപ്പല്‍ മിനി നാരായണ്‍, സ്റ്റാഫ് സെക്രട്ടറി സുജ എം.വി എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് കോർപ്പറേഷൻ ജീവനക്കാർ, ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളജിയേറ്റ് എഡ്യൂക്കേഷൻ,ഇൻഡിഗോ പെയിൻറ്‌സ്, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എന്നിവർ പദ്ധതിയുമായി സഹകരിച്ചു.