മാതൃകാ സമൂഹത്തെ സൃഷ്ടിക്കുന്നതിൽ അധ്യാപകർ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക സമുദായക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കൊച്ചി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച “ഗുരുദക്ഷിണ” പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതൊരു വ്യക്തിയുടെയും സമൂഹത്തിന്റെയും വളർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസം. അറിവില്ലാത്തവർക്കും സമൂഹത്തിൽ ഒരു സ്ഥാനം നൽകണമെന്നും വിരമിച്ച അധ്യാപകർ മാറിനിൽക്കാതെ പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

കൊച്ചി നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് വിരമിച്ച അധ്യാപകരെയും അനധ്യാപകരെയും ആദരിക്കുന്നതിനായാണ് ഗുരുദക്ഷിണ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ അക്ഷരദീപം പദ്ധതിയിൽ സമ്മാനാർഹരായ വിവിധ സ്കൂളുകൾക്കുള്ള ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ എന്നിവ വിതരണം ചെയ്തു.

തോപ്പുംപടി മറീന കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ കെ.ജെ മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയർ കെ.എ അൻസിയ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി പ്രസാദ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ്, കൗൺസിലർ സോണി കെ ഫ്രാൻസിസ്, ഉപജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ, റവ. ഫാ. സിജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.