അവലോകന യോഗം
സാധാരണക്കാരായ വയോജനങ്ങൾക്ക് അടിസ്ഥാനപരമായ സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കാൻ നൈപുണ്യ നഗരം പദ്ധതിയിലൂടെ സാധിച്ചെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. നൈപുണ്യ നഗര പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തങ്ങൾ വിലയിരുത്തുന്നതിനും രണ്ടാം ഘട്ട പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുമാണ് യോഗം ചേർന്നത്.
60 വയസ് കഴിഞ്ഞവർക്ക് സാങ്കേതിക സാക്ഷരത നൽകുന്നതിന് 2022-23 സാമ്പത്തിക വർഷത്തിലെ ജില്ലാ ആസൂത്രണ സമിതിയുടെ സംയുക്ത പദ്ധതിയായ നൈപുണ്യ നഗരത്തിലൂടെ കഴിഞ്ഞു. 29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് 840 പേർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറി. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാരംഭിച ഇ- വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയായ റിവൈവ് പദ്ധതിയുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.
നൈപുണ്യ നഗരം പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായ പൂർത്തിയായതിനെ തുടർന്ന് നൈപുണ്യ നഗരം 2 എന്ന പേരിൽ രണ്ടാം ഘട്ടം നടപ്പാക്കാൻ യോഗത്തിൽ തീരുമാനിച്ചു. 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. സാങ്കേതിക സാക്ഷരതക്ക് ഒപ്പം ജില്ലയിലെ വനിതകൾക്ക് വ്യത്യസ്ത മേഖലയിൽ പരിശീലനം നൽകി തൊഴിലെടുക്കാൻ പ്രാപ്തരാക്കുന്നതിന് വനിതാ ശക്തീകരണം എന്ന പേരിൽ മൂന്ന് പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ ആരംഭിക്കുന്നത്. പേഷ്യന്റ് കെയർ ടേക്കർ, മെറ്റേണൽ ആൻഡ് ഇൻ ഫെന്റ് കെയർ ടേക്കർ, ജെറിയാട്രിക് ഡേ കെയർ ടേക്കർ എന്നീ തൊഴിലുകളിലാണ് പരിശീലനം നൽകുന്നത്.
യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ ഫാത്തിമ , ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ സി. ജെ. മേരി, പ്രൊജക്റ്റ് സ്റ്റാഫ് ജെ. എസ്. ലക്ഷ്മി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസർച്ച് ഡെവലപ്മെന്റ് പ്രൊജക്റ്റ് സ്റ്റാഫ് ജിത ഗോപിനാഥ്, ജില്ലാ കേരള അക്കാദമി ഫോർ സ്കിൽ കോ- കോർഡിനേറ്റർ മധു കെ. ലെനിൻ തുടങ്ങിയവർ പങ്കെടുത്തു.