ആരോഗ്യകരമായ ബന്ധങ്ങൾ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കണമെന്ന് വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. വനിതാ കമ്മിഷന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി അധ്യയന വര്‍ഷാരംഭത്തില്‍ സംഘടിപ്പിച്ചു വരുന്ന ‘കൗമാരം കരുത്താക്കൂ’ പ്രത്യേക ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുരുവട്ടൂര്‍ പയമ്പ്ര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിർവഹിക്കുകയായിരുന്നു അഡ്വ. പി. സതീദേവി.

ലഹരി, പ്രണയപ്പക എന്നിവയ്ക്കെതിരായ ബോധവത്ക്കരണം, ലിംഗ സമത്വം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് ‘കൗമാരം കരുത്താക്കൂ’ പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. പ്ലസ് ടു വിന് കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് ലഭിക്കുമ്പോഴും സമൂഹത്തിലെ തെറ്റായ പ്രവണതകളിൽ കുട്ടികൾ ആകൃഷ്ടരാകുന്നുവെന്നത് ആശാസ്യമല്ലെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത അധ്യക്ഷത വഹിച്ചു. ‘കൗമാരം കരുത്താക്കൂ’ ബ്രാന്‍ഡ് അംബാസഡറും കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയുമായ നേഹ ബിജു കുട്ടികള്‍ക്ക് സാമൂഹിക പ്രതിബദ്ധതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മയക്കുമരുന്ന്, പ്രണയപ്പക, ലിംഗസമത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി മുൻ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് നൊച്ചാട് ബോധവത്കരണ ക്ലാസ്സെടുത്തു.

എസ് എസ്‌ കെ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുല്‍ ഹക്കീം, പി ടി എ പ്രസിഡന്റ് സി ഷാജി, ചേവായൂര്‍ എസ് എച്ച് ഒ ഇന്‍ ചാര്‍ജ് നിമിന്‍ കെ ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ വി. ബിനോയ് സ്വാഗതവും വിദ്യാര്‍ഥി പ്രതിനിധി ദേവനന്ദ നന്ദിയും പറഞ്ഞു.