നിരോധിത ഫ്ലെക്സ് ബോർഡുകളിലും നടപടി

മാലിന്യ ശേഖരണത്തിന് എത്തുന്ന ഹരിതകർമ്മ സേനക്ക് യൂസർ ഫീ കൊടുക്കാത്തവർക്ക് എതിരെ നടപടി സ്വീകരിക്കാൻ തീരുമാനം. മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം ഷഫീഖിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.

യൂസർ ഫീ നൽകാത്തവർക്ക് നോട്ടീസ് അയക്കുവാൻ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകി. നിരോധിത ഫ്ലെക്സ് ബോർഡ്‌ സ്ഥാപിച്ചവരെ കണ്ടെത്തി പിഴ ചുമത്താനും പ്രോസീക്യൂഷൻ മുതലായ ശക്തമായ നടപടികൾ സ്വീകരിക്കാനും തീരുമാനമായി. യോഗത്തിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. പിന്നോക്കം നിൽക്കുന്ന പഞ്ചായത്തുകൾ മെച്ചപ്പെടുത്തുവാൻ ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു.

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനവും 2024 മാർച്ചോടു കൂടി മാലിന്യമുക്തമാക്കുന്നതിനായി ഹ്രസ്വ, ദീർഘകാല പദ്ധതികൾ നടപ്പിലാക്കി വരുകയാണ്. ജൈവ മാലിന്യവും, അജൈവ മാലിന്യവും ഉറവിടത്തിൽ തന്നെ തരം തിരിക്കൽ , അജൈവ മാലിന്യം പൂർണമായ വാതില്പടി ശേഖരണം, ജൈവ മാലിന്യം പൂർണമായും ഉറവിടത്തിൽ തന്നെ സംസ്കരിക്കൽ, മാലിന്യ കൂമ്പാരം ഇല്ലാത്ത പൊതു ഇടങ്ങൾ സൃഷ്ടിക്കൽ, എല്ലാ ജലാശയങ്ങളിലും ഖര മാലിന്യം നീക്കം ചെയ്ത് സുഗമമായ നീരൊഴുക്ക് ഉറപ്പാക്കൽ എന്നീ ലക്ഷ്യങ്ങൾ മൂന്നു ഘട്ട പ്രവർത്തനങ്ങളിലായി കൈവരിക്കുക എന്നതാണ് “മാലിന്യ മുക്തം നവകേരളം” ക്യാമ്പയിന്റെ ലക്ഷ്യം.

തദ്ദേശ സ്വയംഭരണം ഡെപ്യൂട്ടി ഡയറക്റ്റർ കെ.ജെ ജോയ്, അഡിഷണൽ ഡയറക്ടർ ബാബു, ജനകീയാസൂത്രണം ജില്ലാ കോ-
ഓർഡിനേറ്റർ ജുബൈരിയ ഐസക്, കൊച്ചി കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി ഷിബു, കേരള ഖരം മാലിന്യ സംസ്കരണ പദ്ധതി ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ എം.എസ് ധന്യ, ക്ലീൻ കേരള മാനേജർ ഗ്രീഷ്മ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.