ജില്ലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേഖലതല യോഗങ്ങളില്‍ ഇടുക്കി ജില്ലയുടെ യോഗം സെപ്റ്റംബര്‍ 11 ന് എറണാകുളത്ത് ചേരും.

ജില്ലയില്‍ നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികള്‍ എന്നിവ മേഖലതല യോഗവുമായി ബന്ധപ്പെട്ട് അവലോകനം ചെയ്യുന്നതിനും, പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ശില്‍പശാല സംഘടിപ്പിച്ചു.

ശില്‍പശാലയില്‍ ജില്ലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അതിദാരിദ്ര്യം, നവകേരള മിഷന്റെ കീഴില്‍ വരുന്ന ലൈഫ്, ആര്‍ദ്രം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരളം എന്നീ മിഷനുകള്‍, പൊതുമരാമത്തുമായി ബന്ധപ്പെട്ട പദ്ധതികള്‍, മാലിന്യമുക്ത കേരളം തുടങ്ങിയവ വിഷയങ്ങള്‍, ജില്ലയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങള്‍, പൊതുവിദ്യാലയങ്ങള്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സിവില്‍ സ്റ്റേഷന്‍, ജില്ലയിലെ വിവിധ വകുപ്പ്, സ്ഥാപനങ്ങള്‍ എന്നിവയില്‍ നടപ്പിലാക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട പരാതികള്‍, തടസ്സങ്ങള്‍, പുരോഗതി, ഭൂപ്രശ്‌നങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കണ്ടെത്തിയ വിഷയങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് വകുപ്പ് മേലധികാരികള്‍ ജൂണ്‍ 30 നകം ലഭ്യമാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

സബ് കളക്ടര്‍മാരായ ഡോ. അരുണ്‍ എസ് നായര്‍, രാഹുല്‍കൃഷ്ണ ശര്‍മ, എ. ഡി. എം ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍ ദീപ കെ.പി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.