2018 ലെ മഹാപ്രളയത്തിനുശേഷം ചെങ്ങന്നൂർ നഗരസഭയിലെ 5, 6, 7 വാര്‍ഡുകള്‍ അതിതീവ്ര ദുരന്ത ബാധിത മേഖലയായി കണക്കാക്കി തയ്യാറാക്കിയ കരട് മാസ്റ്റർ പ്ലാനിലെ അപാകതകൾ പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തുവാനായി 13-12-22 ന് ചേർന്ന മന്ത്രിതല യോഗ തീരുമാനപ്രകാരം പുനസമർപ്പിച്ച പുതിയ പ്ലാനിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ഫിഷറീസ് സാംസ്കാരിക യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ വച്ച് അംഗീകാരം നൽകി.

കരട് മാസ്റ്റർ പ്ലാൻ പ്രകാരം വാർഡുകളിലെ ജനങ്ങൾക്ക് ഭവനനിർമ്മാണം, ഭൂമികൈമാറ്റം, മറ്റു നിർമ്മാണങ്ങൾ, വികസന പ്രവർത്തനങ്ങൾ എന്നിവ പൂർണമായും നിഷേധിക്കപ്പെട്ടിരുന്നു. ചെങ്ങന്നൂർ നഗരസഭയുടെ കെടുകാര്യസ്ഥത മൂലം ഉണ്ടായ ഗുരുതര പ്രതിസന്ധി ജനകീയ പിന്തുണയോടെ പരിഹരിക്കുന്നതിന് മന്ത്രിമാർ നടത്തിയ തീവ്ര പരിശ്രമങ്ങളുടെ ഫലമായാണ്‌ കരട് മാസ്റ്റർപ്ലാൻ ഭേദഗതി ചെയ്തത്. ഭേദഗതി അംഗീകരിച്ചതോടെ നിലവിൽ നിർമ്മാണം ആരംഭിച്ച കെട്ടിടങ്ങൾക്ക് സാധൂകരണം നൽകുന്നതിനും പുതിയ പെർമിറ്റുകൾ ലഭിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും അശാസ്ത്രീയമായി റിസ്ക്ക് മേഖലയിൽ ഉള്‍പ്പെട്ട സർവേ നമ്പരുകൾ ഒഴിവാക്കുന്നതിനും വികസനപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിനും തീരുമാനമായി.

യോഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐ.എ.എസ്, കെ.എസ്.ഡി.എം.എ ഉന്നതോദ്യോഗസ്ഥര്‍, ചീഫ് ടൌണ്‍ പ്ലാനര്‍, ചെങ്ങന്നൂര്‍ നഗരസഭാ പ്രതിനിധികള്‍, ആക്ഷന്‍ കൌണ്‍സില്‍ പ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കുന്നതിന് ഇടതുപക്ഷ സർക്കാർ നടത്തിയ നിരന്തര പരിശ്രമങ്ങളുടെ തുടർച്ചയാണ് ചെങ്ങന്നൂർ മാസ്റ്റർപ്ലാൻ ഭേദഗതി എന്നും ഈ വിജയം ചെങ്ങന്നൂരിലെ ജനങ്ങൾക്ക് ആയി സമർപ്പിക്കുന്നു എന്നു മന്ത്രി സജി ചെറിയാൻ അറിയിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മന്ത്രിമാർ നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നതായും ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൺ സൂസമ്മ എബ്രഹാം അറിയിച്ചു.