കേരളത്തിലെ കയർ മേഖലയെ നിലവിലെ സാഹചര്യങ്ങളിൽ നിന്ന് മാറി വിപണിക്കാവശ്യമായ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് നിയമം വ്യവസായം കയർവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.
വിപണിയുടെ ആവശ്യത്തിനനുസരിച്ചുള്ള ഡിസൈനും ഉൽപ്പന്നങ്ങളും നിർമിക്കാൻ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് ഒരു കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുകയാണ്. അതിനായി മാസ്റ്റർ ട്രെയിനർമാരെ പരിശീലിപ്പിക്കും. കയർമേഖലയ്ക്ക് ആവശ്യമായ പണം സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും പരിഗണിക്കാതെ പൂർണമായും അനുവദിക്കുന്നതിന് ധനകാര്യ മന്ത്രി പൂർണ സമ്മതമാണ് നൽകിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. കയർ മേഖലയിലെ വിവിധ ആനുകൂല്യങ്ങളുടെ വിതരണവും പദ്ധതികളുടെ ഉദ്ഘാടനവും കണിച്ചുകുളങ്ങര കയർഫെഡ് പി.വി.സി ടഫ്റ്റഡ് യൂണിറ്റിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കയർമേഖലയിൽ ഭരണ നിർവഹണച്ചെലവ് പരമാവധി കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.ഇതിൻറെ ഭാഗമായി ഫോർമാറ്റിങ്ങ്സും കോർപ്പറേഷനും ലയനത്തിൻറെ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. കയർ പോലെ തന്നെ പ്രധാനമാണ് ചകിരിയും. ചകിരിയിൽ നിന്നും ഉൽപ്പന്നങ്ങൾ വൈവിധ്യമായവ നിർമ്മിക്കാൻ കഴിയണം. തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് പുതുതായി 80 ലക്ഷത്തിൻറെ ഓർഡർ കയർഫെഡിന് ലഭിച്ചിട്ടുണ്ട്. ബയോ ബിന്നുകൾ നിർമ്മിക്കുന്നതിനാണ് ഓർഡർ ലഭിച്ചിട്ടുള്ളത്. മികച്ച ഗുണനിലവാരമുള്ള കയർ ഉൽപാദിപ്പിക്കാൻ കഴിയണം.

സൊസൈറ്റികളിൽ തറികൾക്ക് നമ്പറും രജിസ്ട്രേഷനും നിർബന്ധമാക്കും. സൊസൈറ്റികൾ നവീകരിക്കാനുള്ള പണം സർക്കാർ നൽകും. വളരെ നാളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രവർത്തനമൂലധനം നൽകാൻ തുടങ്ങി. ആറര കോടി രൂപ ഇതിനായി നീക്കി വച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടര വർഷത്തിനു മുകളിലായി പ്രവർത്തനമൂലധനം നൽകാത്ത ചെറുകിട ഉൽപ്പാദക സംഘങ്ങൾക്കും ഇത്തവണ പ്രവർത്തനമൂലധനം നൽകുന്നു. മാനേജീരിയൽ സബ്സിഡി നൽകാനും തീരുമാനിച്ചു. സെക്രട്ടറിമാർക്ക് 5000 രൂപ വെച്ച് മൂന്നു മാസത്തേക്കുള്ള 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

മാർക്കറ്റ് ഡെവലപ്മെൻറ് അസിസ്റ്റൻസ് ആയി ഗവൺമെൻറ് നൽകാനുള്ളത് ഘട്ടംഘട്ടമായി അനുവദിച്ചു കൊണ്ടിരിക്കുകയാണ്. അടിസ്ഥാനസൗകര്യവികസനത്തിന് 1.87 കോടി രൂപയും നൽകിയിട്ടുണ്ട്. കയർ മേഖലയിലെ വിവിധ ആനുകൂല്യങ്ങളുടെ വിതരണം, കൽക്കരി ഖനികളിലേക്ക് കയറർ ഭൂവസ്ത്രത്തിന്റെ ആദ്യ ഓർഡർ കൈമാറൽ, കയർഫെഡിന്റെ സഞ്ചരിക്കുന്ന വിപണന വാഹന ങ്ങളുടെ ഉദ്ഘാടനം, നവീകരിച്ച പിവിസി ടഫ്റ്റഡ് മാറ്റിന്റെ വിപണനോദ്ഘാടനം, ലാറ്റക്സ് ടഫ്റ്റഡ് യൂണിറ്റിന്റെ ഉദ്ഘാടനവും വിപണനോട്‌ഘടനവും, കയർഫെഡ് ഉൽപ്പന്നങ്ങളുടെ സംസ്ഥാനതല വിപണനത്തിന് ഡിസ്ട്രിബ്യൂട്ടേഴ്‌സുമായി ധാരണ പത്രം കൈമാറൽ, കയർഫെഡ് നീതി മെഡിക്കൽ സ്റ്റോർ പ്രഖ്യാപനം, കൺസ്യൂമർഫെഡ് ഷോപ്പുകളിൽ കയർഫെഡ് ഉൽപ്പന്നങ്ങളുടെ വിപണനം നടത്തുന്നതിനുള്ള ധാരണപത്രം കൈമാറൽ, ഒരു ലക്ഷം സ്ക്വയർ മീറ്റർ കയർ ഭൂവസ്ത്രത്തിന്റെ ഓർഡർ ഏറ്റുവാങ്ങൽ തുടങ്ങിയവയുടെ ഉദ്ഘാടനവും മന്ത്രി പി രാജീവ് നിർവഹിച്ചു.

ചടങ്ങില്‍ കയര്‍ഫെഡ് പ്രസിഡന്റ് ടി.കെ. ദേവകുമാര്‍ അധ്യക്ഷത വഹിച്ചു. എ. എം ആരിഫ്‌ എം. പി,
കയർ വികസന ഡയറക്ടർ വി. ആർ വിനോദ്, കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ചെയർമാൻ കെ. കെ ഗണേശൻ, കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി ചെയർമാൻ എം. എച്ച് റഷീദ്, മാനേജിങ് ഡയറക്ടർ ശശീന്ദ്രൻ, കയർഫെഡ് വൈസ്പ്രസിഡന്റ്‌ ആർ. സുരേഷ്, കയർ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പ്രതീഷ് ജി പണിക്കർ, കയർ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.