കോഴിക്കോട് പൈതൃക ദീപാലംകൃത പദ്ധതിയും നടപ്പിലാക്കും

തളി ക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ ഉൾക്കൊണ്ട് തളി ക്ഷേത്ര പൈതൃക പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ടത്തിന് 1.40 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഗവ. ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തളി ക്ഷേത്രക്കുളത്തിൽ ചില നവീകരണ പ്രവർത്തനങ്ങളാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കൽമണ്ഡപത്തോടുകൂടി ഒരു വാട്ടർ ഫൗണ്ടൈൻ നിർമ്മിക്കും. തളിയുടെ പൈതൃകം ഉയർത്തിപ്പിടിച്ചുള്ള നവീകരണമാണ് ഉദ്ദേശിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 1.25 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തിയത്.

കോഴിക്കോട് നഗരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ ‘കോഴിക്കോട് പൈതൃക ദീപാലംകൃത’ പദ്ധതിയും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾ ദീപാലംകൃതമാക്കും. കൂടാതെ പാർക്കുകളെ കൂടുതൽ ആകർഷകമാക്കാൻ ലക്ഷ്യം വെച്ചുള്ള പദ്ധതികളും നടപ്പിലാക്കും. കോഴിക്കോട് ടൂറിസ്റ്റ് സൗഹൃദ നഗരമായി മാറുന്ന രീതിയിലേക്ക് ഈ പദ്ധതികളെ മാറ്റാനാകുമെന്നും മന്ത്രി പറഞ്ഞു.

നഗരത്തിലെ പാലങ്ങൾ കൂടുതൽ ആകർഷകമുള്ളതാക്കി മാറ്റും. കലാലയങ്ങളിലെ ടൂറിസം ക്ലബ്ബ് അംഗങ്ങളെ ഉൾപ്പെടുത്തി ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പരിപാലനം ഉറപ്പുവരുത്തും. എല്ലാവരെയും യോജിപ്പിച്ച് പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.