വടകര റവന്യൂ ടവറിന്റെ പ്രവൃത്തി ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കിഫ്ബി ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കെ.കെ.രമ എം.എല്‍.എ. മണ്ഡലത്തില്‍ കിഫ്ബി വഴി നടപ്പില്‍ വരുത്തേണ്ട പ്രവൃത്തികളുടെ പുരോഗതി  വിലയിരുത്തുന്നതിനായി തിരുവനന്തപുരത്ത് കിഫ്ബി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കപ്പെടുന്ന രീതിയില്‍ എസ്റ്റിമേറ്റ് തയ്യാറായി കഴിഞ്ഞാല്‍ വടകര റവന്യൂ നിര്‍മ്മാണത്തിന് അംഗീകാരം ലഭിക്കും. വൈകാതെ തന്നെ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് കിഫ്ബിക്ക് സമര്‍പ്പിക്കുമെന്ന് ഹൗസിങ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി എം.എല്‍.എ പറഞ്ഞു.

വടകര പുത്തൂര്‍ ഫയര്‍സെക്കണ്ടറി, ഓര്‍ക്കാട്ടേരി കെ.കെ.എം.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയുടെ പുതിയ കെട്ടിടനിര്‍മ്മാണത്തിനുള്ള പദ്ധതിക്കും കിഫ്ബിയുടെ അംഗീകാരം ലഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതി വരുന്നതിനാല്‍ മാറ്റിവെക്കപ്പെട്ട അഴിയൂര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. 29.28 കോടിരൂപയുടെ പദ്ധതിക്ക് ഡി.പി.ആര്‍ അംഗീകാരമായെന്നും സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ ആരംഭിക്കാനും തീരുമാനിച്ചതായി എം.എല്‍.എ പറഞ്ഞു.വടകര മല്‍സ്യ മാര്‍ക്കറ്റ് നവീകരണം, സാന്‍ഡ് ബാങ്ക്‌സിനെയും ഇരിങ്ങലിനെയും ബന്ധിപ്പിക്കുന്ന കുഞ്ഞാലിമരക്കാര്‍ പാലം, തലശ്ശേരി ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായ തച്ചോളി മാണിക്കോത്ത് ക്ഷേത്ര നവീകരണം, താഴെയങ്ങാടി നവീകരണം തുടങ്ങിയ പ്രവൃത്തികള്‍ വൈകാതെ തന്നെ ആരംഭിക്കുമെന്നും ഇവയുടെ സാങ്കേതിക തടസ്സങ്ങള്‍ ഓരോന്നായി പരിഹരിച്ചു വരികയാണെന്നും എം.എല്‍.എ അറിയിച്ചു.

പ്രവൃത്തി പൂര്‍ത്തിയായ വടകര നാരായണ നഗരം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം എത്രയും വേഗം നടത്താനും തീരുമാനമായതായി എംഎല്‍എ അറിയിച്ചു.