സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന സ്നേഹയാനം പദ്ധതി വഴി ഇലക്ട്രിക്ക് ഓട്ടോറിക്ഷ ലഭിച്ചവർക്കുള്ള താക്കോൽ കൈമാറ്റം ജില്ലാ കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു. നാഷണല്‍ ട്രസ്റ്റ്‌ നിയമത്തില്‍ ഉള്‍പ്പെടുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി ,മെന്റൽ റിടാർഡേഷൻ, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി തുടങ്ങിയ ഭിന്നശേഷി ഉള്ളവരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സ്ഥിരമായ ഉപജീവനം കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന സൗജന്യമായി ഇലക്ട്രിക് ഓട്ടോ നല്‍കുന്ന പദ്ധതിയാണ് ‘സ്നേഹയാനം’.

ജില്ലാ കലക്ടർ ചെയർപേഴ്സനായ നാഷണൽ ട്രസ്റ്റ് ലോക്കൽ ലെവൽ കമ്മിറ്റി തെരഞ്ഞെടുത്ത പദ്ധതി ഗുണഭോക്താക്കളായ മറിയാ ഉമ്മു. കെ, ഷമീറ സി.എം എന്നിവർ ഓട്ടോ റിക്ഷ ഏറ്റുവാങ്ങി. കെ.കെ രമ എം എൽ എ, എ ഡി എം മുഹമ്മദ് റഫീഖ്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്‌റഫ് കാവിൽ, പ്ലാനിങ് ഓഫീസർ മായ, എൽ എൽ സി പ്രതിനിധി അഭിരാമി, അനൂജ് രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.