പാലക്കാട് ജില്ലയിലെ പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് താലൂക്ക് തലത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ അദാലത്ത് നടക്കുമെന്ന് എ.ഡി.എം ടി.വിജയന്‍ അറിയിച്ചു. ആദ്യഘട്ടമായി പാലക്കാട് താലൂക്ക് പരിധിയിലുളളവര്‍ക്കായി ജില്ലാ പഞ്ചായത്ത് ഹാളിലാണ് അദാലത്ത് നടക്കുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ ഐ.ടി മിഷന്റെയും ജില്ലാ ഭരണക്കൂടത്തിന്റെ ആഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പ്രളയത്തില്‍ നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി, റേഷന്‍ കാര്‍ഡ്, വാഹന രജിസ്ട്രേഷന്‍ രേഖ, ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സംബന്ധിച്ച രേഖകള്‍, ചിയാക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, ജനനമരണവിവാഹ രേഖകള്‍, ഇഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകള്‍ തുടങ്ങിയവയുടെ പകര്‍പ്പുകളാണ് അദാലത്തില്‍ സൗജന്യമായി ലഭിക്കുക. ഇവയില്‍ ആധാര്‍, ജനനമരണവിവാഹ രേഖകള്‍ എന്നിവ ഡിജിറ്റലൈസ് സിഗ്നേച്ചറോടു കൂടി ലഭിക്കുന്നതിനാല്‍ വീണ്ടും അസ്സല്‍ രേഖ എടുക്കേണ്ടതിന്റെ ആവശ്യമില്ല. മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ അതാത് വകുപ്പുകളിലെ ഓഫീസര്‍മാര്‍ പരിശോധിച്ച് അദാലത്തില്‍ തന്നെ ഒപ്പിട്ട് നല്‍കുകയും ചെയ്യും. സംസ്ഥാന ഐ.ടി മിഷനും ഐ.ഐ.ഐ.ടി.എം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനെജ്മെന്റ്) കേരളയും ചേര്‍ന്ന് തയാറാക്കിയ ആപ്ലിക്കേഷന്‍ വഴിയാണ് സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ വീണ്ടെടുക്കുന്നത്.
സര്‍ട്ടിഫിക്കറ്റുകളുടെ രേഖകള്‍ ദുരിതബാധിതര്‍ക്ക് സുഗമമായി ലഭ്യമാക്കുന്നതിനായി ഓരോ കൗണ്ടറിലും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥനെ കൂടാതെ ഒന്നോ രണ്ടോ അക്ഷയ സംരംഭകരും ഉണ്ടായിരിക്കും. അദാലത്ത് നടത്തിപ്പുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്ന് (സെപ്തംബര്‍ 25) ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ നടക്കും.
ഒക്ടോബര്‍ ഒന്ന് മുതല്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ജില്ലയിലെ ആറു താലൂക്കുകളിലും അദാലത്ത് നടക്കുന്നത്. ഒക്ടോബര്‍ ഒന്നിന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാള്‍, മൂന്നിന് പട്ടാമ്പി മിനി സിവില്‍ സ്റ്റേഷന്‍ ഹാള്‍, അഞ്ചിന് ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാള്‍, എട്ടിന് ഒറ്റപ്പാലം താലൂക്കാഫീസ് ഹാള്‍, 10ന് ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാള്‍, 12ന് മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി ഹാള്‍ എന്നിവിടങ്ങളിലായി അദാലത്ത് നടക്കും. അദാലത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ.ഡി.എം ടി. വിജയന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍ ശിവപ്രസാദ്, ബി.എസ്.എന്‍.എല്‍, ഡി.ഡി പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡിജി ലോക്കര്‍ സംവിധാനം ഉപയോഗപ്പെടുത്താം
അദാലത്തില്‍ എത്തുന്നവര്‍ പേര്, ബന്ധപ്പെടേണ്ട വകുപ്പ് തുടങ്ങിയ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് കൗണ്ടറില്‍ നിന്നും ടോക്കണ്‍ എടുക്കണം. അദാലത്തിനെ സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങളും ലഭിക്കുന്ന രേഖകളുടെ പകര്‍പ്പുകളെ കുറിച്ചുള്ള വിവരങ്ങളും ഇവിടെ നിന്നും ലഭിക്കും. അപേക്ഷകന് വേണമെങ്കില്‍ ഡിജി ലോക്കര്‍ എന്ന കൗണ്ടര്‍ വഴി അക്കൗണ്ട് എടുത്ത് ഡിജി്റ്റല്‍ ലോക്കറില്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കാനുളള സേവനവും പ്രയോജനപ്പെടുത്താം. പ്രളയത്തില്‍ രേഖകള്‍ നഷ്ടമായവരുടെ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതിനാണ് ഡിജി ലോക്കര്‍ സംവിധാനം ആരംഭിച്ചത്. ഡിജി ലോക്കറില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ അപേക്ഷകന്റെ ഫോണില്‍ തന്റെ അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ് വേഡും അടങ്ങിയ മെസേജ് ലഭിക്കും. അദാലത്തില്‍ നിന്ന് ലഭിക്കുന്ന രേഖകള്‍ പിന്നീട് നഷ്ടപ്പെട്ടാലും അപേക്ഷകന് ഡിജി ലോക്കര്‍ അക്കൗണ്ട് ഉപയോഗിച്ച് വീണ്ടും ഈ രേഖകള്‍ ലഭ്യമാകും.
അതാത് സേവനം വേണ്ട വകുപ്പിന്റെ കൗണ്ടറുകളില്‍ ബന്ധപ്പെട്ടാല്‍ രേഖകളുടെ പകര്‍പ്പുകള്‍ ലഭ്യമാവും. വിദ്യാഭ്യാസ വകുപ്പിന്റെ കൗണ്ടറില്‍ നിന്നും എസ്.എസ്.എല്‍.സിയുടെ 2001 മുതലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ലഭിക്കുക. അതിന് മുമ്പുള്ള വര്‍ഷങ്ങളിലെ സര്‍ട്ടിഫിക്കറ്റ് നഷ്ടമായവര്‍ പഠിച്ച സ്‌കൂളില്‍ അപേക്ഷയുമായി നേരിട്ട് എത്തണം.
