വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമി സ്വന്തമായതിന്റെ സന്തോഷത്തിലാണ് വെള്ളോറ വില്ലേജ് കായപ്പൊയില്‍ കോളനിയിലെ 21 കുടുംബങ്ങള്‍. അഞ്ച് മാസം കൊണ്ട് അതിവേഗ നടപടിയിലൂടെയാണ്  സര്‍ക്കാര്‍ ഇവരെ ഭൂമിയുടെ അവകാശികളാക്കിയത്. കണ്ണൂരില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ കോളനിക്കാര്‍ റവന്യൂവകുപ്പ്  മന്ത്രി കെ രാജനില്‍ നിന്നും ക്രയ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

തലമുറകളായി താമസിച്ചുവരുന്നവരാണെങ്കിലും കായപ്പൊയില്‍ എസ് ടി കോളനിയിലെ ഈ കുടുംബങ്ങളുടെ കയ്യില്‍ ഭൂമി സംബന്ധിച്ച ഒരു രേഖയും ഉണ്ടായിരുന്നില്ല. ഭൂ നികുതിയും  അടച്ചിരുന്നില്ല. അതിനാല്‍ തന്നെ അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. വില്ലേജ് ഓഫീസര്‍ പ്രത്യേക താല്‍പ്പര്യമെടുത്താണ് ഈ കുടുംബങ്ങള്‍ക്ക് കൈവശ ഭൂമിയില്‍ അവകാശം നല്‍കാനുള്ള നടപടികള്‍ കൈക്കൊണ്ടത്.

കോളനി മൂപ്പന്‍ കുഞ്ഞിരാമന്‍ താറ്റിക്കോട്, കുണ്ടയന്‍ കോടന്‍ ഗോവിന്ദന്‍, കേരേത്ത് നാരായണി, കുണ്ടയന്‍കോടന്‍ യശോദ, കുണ്ടയന്‍ കോടന്‍ ലീലാവതി തുടങ്ങിയവരാണ്  പട്ടയം ഏറ്റുവാങ്ങിയത്. 10 മുതല്‍ 58 സെന്റ് ഭൂമി വരെയാണ് ലഭിച്ചത്. വിവിധ സര്‍ട്ടിഫിക്കറ്റിന് ഉള്‍പ്പെടെ സമീപിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതോടെ പരിഹാരമായെന്നും കോളനിയിലെ ജനങ്ങള്‍ സന്തോഷത്തിലാണെന്നും മൂപ്പന്‍ പറഞ്ഞു.

പുരളിമല പട്ടികവര്‍ഗ കോളനിയിലെ ഏഴ് കുടുംബങ്ങളും ജില്ലാതല പട്ടയമേളയില്‍ മന്ത്രി കെ രാജനില്‍ നിന്നും പട്ടയം ഏറ്റുവാങ്ങി. തലശ്ശേരി താലൂക്ക് തോലമ്പ്ര വില്ലേജിലെ പുരളിമലയില്‍ താമസിക്കുന്ന ഇവര്‍ക്ക് സ്വന്തം ഭൂമിയില്ലായിരുന്നു. ഭൂമിക്ക് തണ്ടപ്പേര് ലഭിക്കുന്നതോടെ ഇവര്‍ക്കിനി ഭൂരേഖ ഡിജിറ്റലൈസേഷന്റെ ഭാഗമാകാനാകും. പി ഭാസ്‌ക്കരന്‍, പിരാടന്‍ കാര്‍ത്ത്യായനി, സി തങ്കമണി, സി ഉഷാട്ടി, രാധ കായലോടന്‍, സി പി ബാലന്‍, സി ചന്ദ്രന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിച്ചത്. വായ്പ്പ എടുക്കാന്‍ പോലും കഴിയാതെ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ്  പ്രതീക്ഷയെന്ന് പി ഭാസ്‌ക്കരന്‍ പറഞ്ഞു.