ബാലുശേരി മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ കർമ്മപദ്ധതി ‘ബാക്ക്അപ്പ്’ ന് തുടക്കമായി. വിദ്യാഭ്യാസ പ്രക്രിയ കൂടുതൽ ജനകീയമാക്കാനും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാനും സഹായിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുക. അധ്യാപക സമൂഹത്തിന്റെ പൂർണ്ണ പിന്തുണയോടെയാണ് പദ്ധതി. എട്ട് മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സിവിൽ സർവീസും മറ്റ് ഉന്നത പരീക്ഷകളും ലക്ഷ്യമാക്കി ഓൺലൈൻ പരിശീലനങ്ങളും പദ്ധതിയുടെ ഭാഗമായി സാധ്യമാവും.

പദ്ധതിയുടെ ഭാഗമായി ജനകീയ വിദ്യാഭ്യാസ സമിതികൾ രൂപീകരിക്കാനുള്ള മാർഗരേഖ തയ്യാറാക്കിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. വാർഡ് തലത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന വാർഡ് വിദ്യാഭ്യാസ സമിതികളുടെ ആഭിമുഖ്യത്തിൽ പ്രീ പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെയുള്ള വിദ്യാർഥികളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സംവിധാനമൊരുക്കും.

സമഗ്രമായ രക്ഷാകർതൃ വിദ്യാഭ്യാസത്തിനും മണ്ഡലത്തിൽ സംവിധാനമുറപ്പാക്കും. പ്രീ പ്രൈമറി മേഖലയിൽ അക്കാദമിക പിന്തുണ ഉറപ്പാക്കാനും പദ്ധതിയുണ്ട്. ഫലപ്രദമായ സ്കൂൾ ഭരണമുറപ്പാക്കുന്നതിന് സ്ഥാപന മേധാവികൾക്ക് പരിശീലനം നൽകും. പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കായി പ്രത്യേക പഠന പിന്തുണാ സംവിധാനം ഉറപ്പാക്കും.

മികച്ച മാതൃകകൾ സൃഷ്ടിക്കുന്ന വിദ്യാലയങ്ങൾക്ക് പ്രത്യേക പാരിതോഷികങ്ങളും പദ്ധതി മുന്നോട്ടു വെക്കുന്നു. പൊതു പരീക്ഷാ ഫലം മെച്ചപ്പെടുത്തുന്നതിന് വിജയോത്സവം പദ്ധതി മണ്ഡലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കും. എസ് എസ് എൽ സി ക്ക് എല്ലാ വിദ്യാർഥികളും നേടുന്ന ഗ്രേഡും പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണവും പരിഗണിച്ച് മികച്ച വിദ്യാലയത്തെ കണ്ടെത്തുകയും ചെയ്യും.