കേരളത്തിലെ അഞ്ച് ജംഗ്ഷനുകളെ കിഫ്ബി ധനസഹായത്തോടുകൂടി വികസിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോടികൾ ചെലവഴിച്ച് വികസിപ്പിക്കുന്ന അഞ്ച് ജംഗ്ഷനുകളിൽ ഒന്ന് ഫറോക്ക് പേട്ട ജംഗ്ഷനാണെന്നും മന്ത്രി അറിയിച്ചു. ബേപ്പൂർ നിയോജക മണ്ഡലത്തിലെ നവീകരിച്ച രാമനാട്ടുകര പുല്ലുംകുന്ന് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് വർഷത്തിനുള്ളിൽ തന്നെ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പി.ഡബ്ല്യു.ഡി റോഡുകളിൽ 50 ശതമാനവും ബി.എം ആൻഡ് ബി.സിയാക്കി മാറ്റാൻ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.1.600 കി.മീ നീളമുള്ള രാമനാട്ടുകര പുല്ലുംകുന്ന് റോഡ് നവീകരിക്കുന്നതിനായി 3.32 കോടി രൂപയാണ് ചെലവഴിച്ചത്.

ചടങ്ങിൽ രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ ബുഷ്റ റഫീഖ് അധ്യക്ഷത വഹിച്ചു. റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാഷിം വി.കെ റിപ്പോർട്ട് അവതരിപ്പിച്ചു.

രാമനാട്ടുകര മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ അബ്ദുൾ ലത്തീഫ്, കൗൺസിലർമാരായ ബിന്ദു അറമുഖൻ, കെ ലളിത, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഉത്തരമേഖല നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ജയശ്രീ യു.പി സ്വാഗതവും റോഡ്സ് സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജയൻ എൻ നന്ദിയും പറഞ്ഞു.