വാളയാര്‍വാലി ലയണ്‍സ് സുരക്ഷാ പ്രൊജക്ടിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 30-ഓളം ലൈംഗീക തൊഴിലാളികള്‍ക്കായി സ്ത്രീ സുരക്ഷ, വ്യവസായ-സംരംഭകത്വ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകളുടെ ലഭ്യത സംബന്ധിച്ചും യോഗത്തില്‍ പ്രതിപാദിച്ചു. ഇതോടൊപ്പം ലൈംഗീക തൊഴിലാളികള്‍ക്ക് ജീവിത സുരക്ഷയും ആരോഗ്യസുരക്ഷയും ഉറപ്പുവരുത്തുന്ന കാര്യങ്ങളും ലൈംഗീക തൊഴില്‍ വിട്ട് മറ്റേതെങ്കിലും തൊഴില്‍ തെരഞ്ഞെടുക്കുന്നിനുള്ള സാധ്യതകളും ക്ലാസില്‍ ചര്‍ച്ചയായി.

ഭാവി തലമുറയ്ക്കും കൂടി വേണ്ടി ഓരോരുത്തരും കൃത്യമായി ആരോഗ്യ പരിശോധനകള്‍ ചെയ്യണമെന്ന് ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍ പറഞ്ഞു. എല്ലാവരും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും എ.ഡി.എം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും ഇതോടൊപ്പം നിയമസഹായവും ലഭിക്കുമെന്നും എ.ഡി.എം പറഞ്ഞു. ലൈംഗീക തൊഴില്‍ വിട്ട് പുതിയ തൊഴില്‍ തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും വ്യവസായ വാണിജ്യ വകുപ്പിന്റെ വിവിധ വായ്പാ ധനസഹായ പദ്ധതികളെ കുറിച്ചും വ്യാവസായ വാണിജ്യ വകുപ്പിനെ പ്രതിനിധീകരിച്ച് രാഹുല്‍ ക്ലാസുകളെടുത്തു. വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ കൃത്യമായി നല്‍കാമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

ഗാര്‍ഹിക പീഡനങ്ങള്‍ നേരിട്ടാല്‍ നിയമോപദേശം തേടണം

ഗാര്‍ഹിക പീഡനങ്ങള്‍ നേരിട്ടാല്‍ ജില്ലയിലെ സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകളെയും വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറെയും സമീപിക്കാമെന്ന് ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ വി.എസ് ലൈജു പറഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിംഗ്, കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ വഴി ലൈംഗീക തൊഴിലാളികള്‍ക്ക് നിയമസഹായവും കൗണ്‍സിലിങ്ങും ലഭിക്കുമെന്നും ലൈജു കൂട്ടിച്ചേര്‍ത്തു. വടക്കഞ്ചേരി, ചിറ്റൂര്‍, മേഴ്സി കോളേജ്‌ പാലക്കാട്, മഹിളാമന്ദിരം മുട്ടിക്കുളങ്ങര, കടമ്പഴിപ്പുറം, മണ്ണാര്‍ക്കാട്, പട്ടാമ്പി, അട്ടപ്പാടി എന്നിവിടങ്ങളിലാണ് സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ലൈംഗീക തൊഴിലാളികള്‍ക്കുള്ള കൂടുതല്‍ സംശയങ്ങള്‍ വിവിധ വകുപ്പ് മേധാവികളുമായി ചര്‍ച്ച ചെയ്ത് അറിയിക്കുമെന്നും ലൈജു കൂട്ടിച്ചേര്‍ത്തു.

ശാരീരിക -മാനസിക പീഡനങ്ങള്‍ സഹിച്ചിരിക്കേണ്ട ആവശ്യമില്ലെന്നും ആരും ആരുടെയും അടിമയല്ലെന്നും ഒരോരുത്തര്‍ക്കും സ്വാതന്ത്യത്തോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും അഡ്വ.ബീന പറഞ്ഞു. പരിപാടിയില്‍ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് നിയമബോധവല്‍ക്കരണ ക്ലാസ് എടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. എല്ലാവരുടെയും അവകാശങ്ങളെ കുറിച്ചും ഭരണഘടനയില്‍ പ്രതിപാദിക്കുന്നുണ്ടെന്നും അവയെ കുറിച്ച് മനസിലാക്കാന്‍ പറ്റുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും ഭര്‍ത്താവിനെതിരെ മാത്രമല്ല വീടുകളില്‍ നമ്മളെ ഉപദ്രവിക്കുന്ന ആര്‍ക്കെതിരെയും പരാതി കൊടുക്കാമെന്നും അഡ്വ.ബീന കൂട്ടിച്ചേര്‍ത്തു. സഹിക്കാന്‍ പറ്റാത്ത ബന്ധമാണെങ്കില്‍ കൂടുതല്‍ ശക്തിയോടെ നോ പറയാന്‍ പഠിക്കണമെന്നും ഓരോരുത്തരുടെയും പ്രശ്നങ്ങള്‍ വ്യത്യസ്തമാണെന്നും അവയ്ക്ക് ഒരോന്നിനും വ്യത്യസ്തങ്ങളായ പരിഹാരമാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വാളയാര്‍വാലി ലയണ്‍സ് സുരക്ഷാ പ്രൊജക്ട് ഡയറക്ടര്‍ കെ.വിജയകുമാര്‍ അധ്യക്ഷനായി. പരിപാടിയില്‍ ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ വി.എസ് ലൈജു, ദിശ ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ സുനില്‍കുമാര്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ.ഉണ്ണികൃഷ്ണന്‍, സ്നേഹിത പ്രസിഡന്റ് രമ, വ്യവസായ-വാണിജ്യ വകുപ്പില്‍ നിന്നും രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.