സംസ്ഥാനത്തെ സർക്കാർ കോളജുകളിലേക്ക് 2023-24 വർഷം ബി.എസ്.സി നഴ്സിങ് കോഴ്സിലേക്ക് കായികതാരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു.
നിർദ്ദിഷ്ഠ ഫോമിൽ ഡയറക്ടർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും സ്പോർട്സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ജൂലൈ 10നകം അപേക്ഷിക്കണം. ടെക്നിക്കൽ ഡയറക്ടറുടെ പ്രൊസ്പെക്ടസിൽ പ്രതിപാദിച്ചിരിക്കുന്ന നിബന്ധനകൾ സ്പോർട്സ് ക്വാട്ടാ പ്രവേശനത്തിനും ബാധകമാണ്.
2021 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ കുറഞ്ഞത് വിദ്യാഭ്യാസ ജില്ല/ഉപജില്ലാ തലത്തിൽ സ്കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടുന്നതാണ് സ്പോർട്സ് ക്വാട്ടാ പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത. അപേക്ഷകർ സ്പോർട്സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയൊടൊപ്പം ഉള്ളടക്കം ചെയ്യണം. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അപൂർണമായതും, നിശ്ചിത തീയതിയ്ക്കു ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല.