46 പരാതികള്‍ക്ക് തീര്‍പ്പായി
സംസ്ഥാനപട്ടികജാതി, പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തില്‍ തീര്‍പ്പായത് 46 പരാതികള്‍ക്ക്. ജില്ലയില്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് രണ്ടു ദിവസങ്ങളിലായി അദാലത്ത് സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളിലുള്ള 73 പരാതികളാണ് പരിഗണിച്ചത്.
രണ്ട് ദിവസം നീണ്ടുനിന്ന അദാലത്തിന് കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്.മാവോജി, കമ്മീഷന്‍ അംഗം അഡ്വ. സൗമ്യ സോമന്‍, പട്ടിക ജാതി, പട്ടിക വര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഭൂമി സംബന്ധമായ വിഷയങ്ങളിലാണ് കൂടുതലും പരാതികള്‍ ലഭിച്ചത്. പട്ടയം നല്‍കല്‍, റോഡ് നിര്‍മാണം തുടങ്ങിയ കാര്യങ്ങളില്‍ വനം വകുപ്പ് തടസ്സം നില്‍ക്കുന്നതായി പരാതികള്‍ ലഭിച്ചു. ഇത്തരം വിഷയങ്ങളിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കമ്മീഷന്‍ ഉദ്യോസ്ഥരോട് നിര്‍ദേശിച്ചു. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങലുടെ ഭൂസംബന്ധമായ വിഷയങ്ങളില്‍ റവന്യു-വനം വകുപ്പുകള്‍ സംയുക്തമായി തീരുമാനം കൈക്കൊള്ളാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
അടിമാലി താലൂക്ക് ഹോസ്പിറ്റലില്‍ നിന്ന് ആവശ്യമായ സേവനങ്ങള്‍ ലഭിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറെ കമ്മീഷന്‍ വിളിച്ചുവരുത്തി. നൈറ്റ് ഷിഫ്റ്റിന് സ്റ്റാഫില്ലാത്തതും എക്‌സ്‌റേ ടെക്‌നീഷ്യന്‍ ഇല്ലാത്തതും ഡിഎംഒ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് ആവശ്യമായ സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള പ്രൊപ്പോസല്‍ എത്രയും വേഗം സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
രണ്ട് ബെഞ്ചുകളിലായാണ് കമ്മീഷന്‍ പരാതികള്‍ പരിഗണിച്ചത്. ജോലി സ്ഥലത്തെ അതിക്രമം, ജാതിയധിക്ഷേപം, ഭീഷണി, കൈവശവസ്തു കൈയേറ്റം, ധനസഹായങ്ങള്‍ ലഭിക്കാതിരിക്കല്‍, വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കാത്തത്, ഗാര്‍ഹിക പീഡനം, വധഭീഷണി, കള്ളക്കേസ്, ഭവനനിര്‍മാണം, വ്യാജരേഖ നിര്‍മിച്ചു ഫണ്ട് വകമാറ്റല്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് അദാലത്തില്‍ പരിഹാരമായി. അദാലത്തിലെത്തിയ പരാതികളുമായി ബന്ധപ്പെട്ട ജില്ലയിലെ പോലീസ് ഓഫീസര്‍മാര്‍, റവന്യു, വനം, വിദ്യാഭ്യാസം, പഞ്ചായത്ത്, ആരോഗ്യം വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.