കനത്ത മഴയില്‍ ജില്ലയില്‍ നാശനഷ്ടം തുടരുന്നു. 12 വീടുകള്‍ ഭാഗികമായി തകരുകയും മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ചുറ്റുമതില്‍ കനത്ത മഴയില്‍ തകര്‍ന്നു. ജയിലിന്റെ പിന്‍വശത്തെ മതില്‍ 20 മീറ്ററോളം നീളത്തിലാണ് ഇടിഞ്ഞത്. എ ഡി എം കെ കെ ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു.

കൂത്തുപറമ്പ് നരവൂര്‍ നൂഞ്ചമ്പായിലെ ചന്ദ്രന്റെ വീട്ട് കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ന്യൂമാഹി കുറിച്ചിയില്‍ ചവോക്കുന്നിലെ എം എന്‍ ഹൗസില്‍ പുഷ്പ രാജന്റെ വീട്ടുമതില്‍ ഇടിഞ്ഞു. വീട് അപകടാവസ്ഥയിലായതിനാല്‍ മാറി താമസിക്കാന്‍ അധികൃതര്‍ വീട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുറിച്ചിയില്‍ കിടാരന്‍കുന്ന് ആയിക്കാന്‍ പറമ്പത്ത് റാബിയുടെ വീട്ടുമതിലും ഇടിഞ്ഞു. ന്യൂമാഹി അഴീക്കല്‍ പരിമഠത്ത് ദേശീയപാതക്ക് സമീപത്തെ പൂമരം കെട്ടിടത്തിന് മുകളില്‍ വീണ് കടകള്‍ തകര്‍ന്നു. കുറിച്ചി സ്വദേശികളായ ഈരായിന്റവിട സന്തോഷ്, സുധാകരന്‍, രാജേഷ് നിവാസില്‍ എന്‍ വി ലീല, ഷാഫി എന്നിവരുടെ കടകളാണ് തകര്‍ന്നത്.

ചൊവ്വാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോടിയേരി വില്ലേജിലെ പഴയ പോസ്റ്റ് ഓഫീസ് പരിസരത്തെ പുലുണ്ട വീട്ടില്‍ അജിത് ലാലിന്റെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. അടുത്ത വീട്ടിലെ മതില്‍ ഇടിഞ്ഞു വീണ് പന്ന്യന്നൂര്‍ വില്ലേജ് പരിധിയിലെ നെല്ലുള്ളതില്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ബാലകൃഷ്ണന്റെ കാലിന് പരിക്കേറ്റു. ബാലകൃഷ്ണന്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.