വനമഹോത്സവം 2023 ജില്ലാതല ഉദ്ഘാടനവും ജില്ലയിലെ കണ്ടല്‍ ഭൂപടങ്ങളുടെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ്
പി പി ദിവ്യ നിര്‍വ്വഹിച്ചു. പരിപാടിയോട് അനുബന്ധിച്ച് ജില്ലയിലെ തീരദേശ തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാര്‍ക്കായി വൈല്‍ഡ് ലൈഫ് ട്രസ്റ്റ് (ഡബ്ല്യൂ ടി ഐ) സഹകരണത്തോടെ വനംവകുപ്പ് ക്ലാസ് സംഘടിപ്പിച്ചു. ‘കണ്ണൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടു കൂടിയുള്ള സുസ്ഥിര കണ്ടല്‍ പരിപാലനം’ എന്ന വിഷയത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല പരിസ്ഥിതി പഠന വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ. ഖലീല്‍ ചൊവ്വയും കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(കെ എഫ് ആര്‍ ഐ) പ്രിന്‍സിപ്പലും ശാസ്ത്രജ്ഞനുമായ വി ബി ശ്രീകുമാറും ക്ലാസെടുത്തു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഡി എഫ് ഒ പി കാര്‍ത്തിക് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ കണ്ണൂര്‍ വനം ഡിവിഷന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ്ബാബു, അഡ്വ. കെ കെ രത്‌നകുമാരി, കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രി എ സി എഫ് എം രാജീവന്‍, ഡബ്ല്യൂ ടി ഐ അസിസ്റ്റന്റ് മാനേജര്‍ രമിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.