തകര്ന്ന റോഡിന്റെ പുനര്നിര്മാണം ഇന്ന് (വെള്ളി) തുടങ്ങാന് മന്ത്രി രാജന് നിര്ദ്ദേശം നല്കി
കരാര് കമ്പനിക്കെതിരേ ദുരന്തനിവാരണ നിയമ പ്രകാരം നടപടി

ദേശീയപാത 544ല് കുതിരാന് തുരങ്കത്തിന് സമീപം വഴുക്കുംപാറയിലുണ്ടായ വിള്ളലിന്റെ വ്യാപ്തി വര്ധിച്ച പശ്ചാത്തലത്തില് റോഡിന്റെ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം പൂര്ണമായി നിര്ത്തിവയ്ക്കാന് മന്ത്രി കെ രാജന് നിര്ദ്ദേശം നല്കി. ജില്ലാ കലക്ടര് വി ആര് കൃഷ്ണതേജ, സിറ്റി പോലിസ് കമ്മീഷണര് അങ്കിത് അശോകന് തുടങ്ങിയവര്ക്കൊപ്പം വിള്ളലുണ്ടായ പ്രദേശം സന്ദര്ശിച്ച ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് ദേശീയ പാത അതോറിറ്റി അധികൃതര്ക്ക് മന്ത്രി നിര്ദ്ദേശം നല്കിയത്.

തൃശൂരില് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ദേശീയപാതയുടെ ഇടതുവശം മാത്രമായിരിക്കും ഗതാഗതത്തിന് ഉപയോഗിക്കുക. ഇരുവശത്തേക്കുമുള്ള വാഹനങ്ങള് ഇതുവഴി ഓരോ വരിയായി കടത്തിവിടാനാണ് തീരുമാനം. റോഡിന്റെ വിള്ളലുണ്ടായ ഭാഗത്തുകൂടിയുള്ള ഗതാഗതം ഏകദേശം ഒരു കിലോമീറ്ററോളം പൂര്ണമായും നിര്ത്തിവച്ച് ആ ഭാഗത്തിന്റെ പുനര്നിര്മാണം നടത്തുന്നതിന് വേണ്ടിയാണിത്. ഇന്നു മുതല് തന്നെ നിര്മാണ പ്രവര്ത്തനങ്ങള് ആരംഭിക്കാനും കരാറുകാര്ക്ക് മന്ത്രി നിര്ദ്ദേശം നല്കി. റോഡിലെ വിള്ളലുണ്ടായ ഭാഗം കരാറുകാര് സ്വന്തം ചെലവില് പൂര്ണമായും പൊളിച്ചുമാറ്റിയ ശേഷം പുനര്നിര്മിക്കാന് ഇതുമായി ബന്ധപ്പെട്ട് നേരത്തേ ചേര്ന്ന യോഗത്തില് തീരുമാനമായിരുന്നു. റോഡിലെ വിള്ളലിന്റെ വ്യാപ്തി അനുദിനം വര്ധിച്ചു വരുന്ന സാഹചര്യത്തില് എത്രയും വേഗം റോഡ് പുനര്നിര്മിച്ച് ഗതാഗത യോഗ്യമാക്കാനാണ് കരാറുകാര്ക്ക് നിര്ദ്ദേശം നല്കിയിരിക്കുന്നത്. ഇതിന് ദേശീയ പാത അതോറിറ്റിക്ക് പുറമെ, റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക്, പാലക്കാട് ഐഐടി ഉള്പ്പെടെയുള്ള ഏജന്സികള് മേല്നോട്ടം വഹിക്കും.

റോഡ് നിര്മാണത്തിന്റെ കാര്യത്തില് ഗുരുതരമായ വീഴ്ചയാണ് കരാര് കമ്പനിക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. റോഡിലെ വിള്ളലിന്റെ വ്യാപ്തി കൂടി വരുന്ന പശ്ചാത്തലത്തില് കരാറുകാര്ക്കെതിരേ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള നടപടിയുടെ ഭാഗമായി നോട്ടീസ് നല്കാന് ദുരന്തനിവാരണ അതോറിറ്റി ചെയര്മാനായ ജില്ലാ കലക്ടര്ക്ക് മന്ത്രി നിര്ദ്ദേശം നല്കി.
ജില്ലാ കലക്ടര് വി ആര് കൃഷ്ണ തേജ, സിറ്റി പോലിസ് കമ്മീഷണര് അങ്കിത് അശോകന്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര് രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, സബ് കലക്ടര് മുഹമ്മദ് ഷഫീക്ക്, തഹസില്ദാര് ടി ജയശ്രീ, എല്എ എന്എച്ച് ഡെപ്യൂട്ടി കലക്ടര് പി അഖില്, എന്എച്ച്എഐ പ്രൊജക്ട് ഡയരക്ടര് ബിപിന് മധു തുടങ്ങിയവരും സന്നിഹിതരായിരുന്നു.