ഒല്ലൂർ നിയോജക മണ്ഡലത്തിലെ നാല് സ്കൂളുകളിൽ കൂടി പുതിയ ഹൈടെക് കളികളങ്ങൾ വരുന്നു. ഇവയുടെ നിർമാണവുമായി ബന്ധപ്പെട്ട അന്തിമ രൂപരേഖയ്ക്ക് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ, മണ്ഡലം എംഎൽഎ കൂടിയായ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അംഗീകാരമായി.
മണ്ഡലത്തിലെ പട്ടിക്കാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ, കട്ടിലപൂവം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ , പുത്തൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ മൂന്ന് കോടി രൂപ വീതം ചെലവഴിച്ചാണ് ഹൈടെക് സംവിധാനങ്ങളോടെയുള്ള കളിക്കളങ്ങൾ നിർമ്മിക്കുന്നത്. നിലവിൽ നിർമാണം ആരംഭിച്ച മൂർക്കനിക്കര യു പി സ്കൂളിലെ കളിക്കളത്തിൻ്റെ കാര്യത്തിൽ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കാനും കായിക മന്ത്രി അനുമതി നൽകി. മണ്ഡലം
എം എൽ എ കൂടിയായ റവന്യൂ മന്ത്രിയുടെ നിർദ്ദേശപ്രകാരം കളിക്കളങ്ങൾക്കായി പ്ലാൻ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
ഫുട്ബോൾ ഉൾപ്പെടെയുള്ള വിവിധ കായിക ഇനങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് കളിക്കളങ്ങൾ നിർമ്മിക്കുന്നതെന്നും റവന്യൂ മന്ത്രി പറഞ്ഞു. എല്ലാ കളിക്കളങ്ങളിലും ഫ്ലഡ് ലൈറ്റ് സംവിധാനമുണ്ടാവും. മികച്ച രീതിയിലുള്ള ഗാലറി, ഓപ്പൺ ജിം, യൂട്ടിലിറ്റി ടോയ്ലറ്റുകൾ ഉൾപ്പെടെ മികച്ച സൗകര്യങ്ങളോടെയാണ് ഇവ സജ്ജമാക്കുക. കേരള സ്പോർട്സ് ഫൗണ്ടേഷനാണ് കളിക്കളം നിർമാണത്തിനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി പ്രവർത്തിക്കുക.
പൂതിയ കളിക്കളങ്ങൾ കൂടി വരുന്നതോടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മികച്ച കളിക്കളങ്ങളാവും. കോർപ്പറേഷൻ പരിധിയിലും താമസിയാതെ കളിക്കളങ്ങൾ ഒരുക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. തൃശൂർ രാമനിലയത്തിൽ നടന്ന യോഗത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, പട്ടിക്കാട് ഹയർ സെക്കന്ററി സ്കൂൾ പി ടി എ പ്രതിനിധി സുദേവൻ, അധ്യാപിക രേണുക, സ്പോർട്സ് ഫൗണ്ടേഷൻ കേരള ചീഫ് എഞ്ചിനീയർ ടി.കെ അനിൽ കുമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ എ എ അഷ്റഫ്, പ്രൊജക്ട് എഞ്ചിനീയർ പി സി രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു