ജില്ലയിൽ റവന്യൂ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന തല പട്ടയമേള സമാപന ചടങ്ങിൽ വെച്ച് പട്ടയം വാങ്ങാനെത്താൻ കഴിയാതെയിരുന്നവർക്ക് വീട്ടിലെത്തി പട്ടയം നൽകി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പി വെമ്പല്ലൂർ വില്ലേജിലെ സുനാമി കോളനിയിലെ കിടപ്പു രോഗികൾക്കും പ്രായാധിക്യത്താൽ അവശത ആയവർക്കുമാണ് എംഎൽഎ നേതൃത്വത്തിൽ അവരുടെ വീടുകളിൽ എത്തി പട്ടയം കൈമാറിയത്. പാവപ്പെട്ടവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ അവരോടൊപ്പം സർക്കാരും ഒന്നിച്ച് നിൽക്കുന്നു എന്നതിന്റെ നേർകാഴച്ചയാണ് ഈ പട്ടവിതരണമെന്നും ഇനി ഇവരും ഭൂമിയുടെ അവകാശികളാണെന്നും എം എൽ എ പറഞ്ഞു.
വാസന്തി പാളയിൽ, മാധവി കുഞ്ഞുമാക്കൻ പുരക്കൽ, ദേവകി കിഴക്കേടത്ത് , രാധ കാരേപറമ്പിൽ, ഷീല പുള്ളായിൽ, ഭാർഗവി വട്ടപ്പറമ്പിൽ, കാളി തെറ്റിൽ, ഫാത്തിമ വലിയപറമ്പിൽ, ജമീല പുഴങ്കരയില്ലത്ത് തുടങ്ങിയവർക്കാണ് പട്ടയം നൽകിയത്. 2011 ലാണ് സുനാമി ബാധിതരെ പുനരധിവസിപ്പിച്ച പദ്ധതിയിൽ ഉൾപ്പെട്ട് ഇവർക്ക് വീട് ലഭിച്ചത്. പട്ടയം കൂടി ലഭ്യമായതോടെ സ്വന്തം ഭൂമിയുടെ പൂർണ അവകാശികളായി ഇവർ മാറി.
എം എൽ എയോടൊപ്പം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സുനിൽ രാജ്, കൊടുങ്ങല്ലൂർ തഹസിൽദാർ കെ. രേവ, ഡെപ്യൂട്ടി തഹസിൽമാരായ കെ എസ് അജിത, ടി ആർ സംഗീത്, പി വെമ്പല്ലൂർ വില്ലേജ് ഓഫീസറായ യു എസ് സത്യൻ, ഓഫീസ് സ്റ്റാഫുകളായ എം എസ് നസീമ, പി എസ് ഷാഹിദ തുടങ്ങിയവരും പങ്കെടുത്തു.