ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് കോളേജ്, എക്‌സൈസ്, പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. പൂക്കോട് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് കോളേജില്‍ നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജ് വി.ജി അരുണ്‍ നിര്‍വഹിച്ചു. സമൂഹത്തിന്റെ സമസ്ത മേഖലകളിലും വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗംമൂലം വ്യക്തികള്‍, കുടുംബങ്ങള്‍, സമൂഹം എന്നിവ ഒരുപോലെ തകരുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് കേരള ഹൈക്കോടതി ജഡ്ജ് വി.ജി അരുണ്‍ പറഞ്ഞു.

ക്യാമ്പസുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം കണ്ടെത്തി അവയെ ഇല്ലായ്മ ചെയ്യണം. ശരിയായ വിദ്യാഭ്യാസത്തിലൂടെ ലഹരിക്കെതിരെ പോരാടാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ലഹരിയോട് നോ പറയാം’ ലഹരിമാഫിയയ്ക്ക് വാങ്ങുന്നവനില്ല, വില്‍ക്കുന്നില്ല, ബിസിനസ്സ് ഇല്ല എന്ന മുദ്രാവാക്യമുയര്‍ത്തി ഒരു വര്‍ഷം നീളുന്ന കര്‍മ്മ പദ്ധതിയ്ക്കാണ് തുടക്കമായത്.

പൂക്കോട് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സസ് കോളേജ് ഡീന്‍ ഡോ.എം.കെ നാരായണന്‍ അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ജോണ്‍സണ്‍ ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. സിവില്‍ എക്സൈസ് ഓഫീസര്‍ വിജേഷ് കുമാര്‍ ക്ലാസെടുത്തു. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് വി. അനസ്, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ .എ.ജെ ആന്റണി, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കെ. അനീഷ് ചാക്കോ, പൂക്കോട് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സസ് കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. എസ്. മായ തുടങ്ങിയവര്‍ സംസാരിച്ചു.