തിരുനെല്ലി മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് മൂന്ന്  കോടി 80 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച എക്‌സ്പാന്‍ഷന്‍ ഫേസ് ഓഫ് റെനോവേഷന്‍ ഓഫ് തിരുനെല്ലി ടെമ്പിള്‍ പ്രിമൈസസ് പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നാളെ (ചൊവ്വ) ഉച്ചയ്ക്ക് രണ്ടിന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

തിരുനെല്ലിയില്‍ ബലിതര്‍പ്പണത്തിന് എത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി ആധുനിക സൗകര്യങ്ങളോടുകൂടിയ വിശ്രമ കേന്ദ്രം, പാപനാശിനി ബലിക്കടവ്, പാപനാശിനിയിലേക്കുള്ള പാത, വസ്ത്രം മാറുന്നതിനുള്ള മുറി, ടോയ്‌ലറ്റ് ബ്ലോക്ക്, റിഫ്രഷ്‌മെന്റ് റൂം, പാപനാശിനി വരെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്നീ പ്രവര്‍ത്തികളുടെ നിര്‍മ്മാണമാണ് നിലവില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും