- അദാലത്തുകൾ ഫലപ്രദമായി നടപ്പാക്കിയെന്ന് മന്ത്രിമാർ
- ജില്ലാതല യോഗത്തിൽ 195 പരാതികൾ പരിഹരിച്ചു
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകൾ തിരുവനന്തപുരം ജില്ലയിൽ ഫലപ്രദമായി നടന്നുവെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു എന്നിവർ പറഞ്ഞു. താലൂക്ക് തല അദാലത്ത് ദിവസങ്ങളിൽ ലഭിച്ച പരാതികൾ പരിഹരിക്കുന്നതിനായി ചേർന്ന ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ. വിവിധ താലൂക്കുകളിലായി ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാനാകാത്തതും മന്ത്രിമാരുടെ ഉത്തരവ് വേണ്ടതുമായ 195 പരാതികൾ യോഗത്തിൽ പരിഹരിച്ചു. മുൻഗണന റേഷൻ കാർഡുകൾ, സാമൂഹ്യ സുരക്ഷാ പെൻഷൻ തുടങ്ങിയ പരാതികൾക്കാണ് പരിഹാരമായത്.
അദാലത്തു ദിവസങ്ങളിൽ ലഭിച്ച പരാതികൾ പരിഹരിക്കുന്നതിന് ചിട്ടയായ പ്രവർത്തനമാണ് ഉദ്യോഗസ്ഥർ നടത്തിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അദാലത്തുകൾ ഫലപ്രദമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർ നല്ല നിലയിൽ സഹകരിച്ചുവെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിലും പറഞ്ഞു. തീരസദസ്സ്, വനസൗഹൃദ സദസ്സ്, താലൂക്ക് തല അദാലത്ത് എന്നിവയിലൂടെ ഭൂരിഭാഗം പരാതികൾക്കും തീർപ്പ് കൽപ്പിക്കാൻ സാധിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ജില്ലാതല അവലോകന യോഗത്തോടെ പരാതി പരിഹാരം അവസാനിക്കില്ലെന്ന് മന്ത്രിമാർ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 14 ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മേഖലാതല അവലോകനങ്ങൾ നടക്കും. മാറ്റിവയ്ക്കുന്ന വിഷയങ്ങളിൽ മന്ത്രിസഭ കണ്ട് തീരുമാനം എടുക്കേണ്ടതുണ്ടെങ്കിൽ ഇതിൽ പരിഗണിക്കും.
മെയ് 2 മുതൽ 16 വരെ ജില്ലയിലെ ആറ് താലൂക്കുകളിലായി നടന്ന അദാലത്തിൽ 8,618 പരാതികളാണ് പരിഹരിച്ചത്. 13,972 അപേക്ഷകളാണ് ആകെ ഓൺലൈനായി ലഭിച്ചത്. ഇത് കൂടാതെ 6,342 അപേക്ഷകൾ അദാലത്ത് ദിവസങ്ങളിൽ ലഭിച്ചു. ഈ പരാതികളിൽ ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാവുന്നവ ഭൂരിഭാഗവും പരിഹരിച്ചു. ഇവയിൽ മന്ത്രിമാരുടെ ഉത്തരവ് ആവശ്യമുള്ള പരാതികളാണ് ജില്ലാതല അവലോകനയോഗത്തിൽ പരിഗണിച്ചത്. വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ മന്ത്രിമാരെ കൂടാതെ ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എഡിഎം അനിൽ ജോസ്.ജെ, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.