വീട്ടിലെ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് സ്വന്തം ഉത്തരവാദിത്വമായി കാണണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാലിന്യ മുക്ത മാവേലിക്കര പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.എസ്. അരുണ്‍ കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മാവേലിക്കര നിയോജകമണ്ഡലത്തിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യുന്നതിനും ശുചിത്വ സുന്ദര മാവേലിക്കര കെട്ടിപ്പടുക്കുന്നതിനുമായി ആവിഷ്‌കരിച്ച പദ്ധതിയാണ് മാലിന്യ മുക്ത മാവേലിക്കര.

ജൈവ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി കമ്പോസ്റ്റുകളും ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കുന്നത് സഹായകമാണ്. അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ സേനയ്ക്ക് കൃത്യമായ ഇടവേളകളില്‍ കൈമാറണം. ഹരിത കര്‍മ സേനയ്ക്ക് മാലിന്യങ്ങള്‍ കൈമാറാത്തതും യൂസര്‍ ഫീ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ കെട്ടിട നികുതിയോടൊപ്പം പിഴ ചുമത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.

വീടുകളില്‍ നിന്നുള്ള യൂസര്‍ ഫീ കളക്ഷന്‍, വീടുകളിലുള്ള ജൈവ മാലിന്യ നിര്‍മാര്‍ജനം എന്നിവ ഗ്രാമപഞ്ചായത്ത് അംഗങ്ങളടക്കമുള്ള ജനപ്രതിനിധികള്‍ ഉറപ്പുവരുത്തണം. വിവാഹം പോലുള്ള ചടങ്ങുകളില്‍ ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കണം. മാലിന്യ സംസ്‌കരണത്തോടൊപ്പം പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍ ഗ്ലാസുകള്‍, പ്ലേറ്റുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ത്രിതല പഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് മാലിന്യ മുക്ത മാവേലിക്കര പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാന്‍ പ്രത്യേക സക്വാഡുകള്‍ രൂപീകരിക്കും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ക്ലീന്‍ മാവേലിക്കര പദ്ധതിയുടെ തുടര്‍ച്ചയായാണ് പദ്ധതി നടപ്പിലാക്കുക. സ്‌കൂളുകള്‍, കോളജുകള്‍, പൊതുസ്ഥലങ്ങള്‍, ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മാലിന്യ നിര്‍മാര്‍ജനം ഉറപ്പാക്കി മണ്ഡലത്തിനെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു, മാവേലിക്കര നഗരസഭ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, തുടങ്ങിയവര്‍ പങ്കെടുത്തു.