കുരുമ്പന്മൂഴി പാലം ഒരു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കുരുമ്പന്മൂഴി പട്ടിക വര്‍ഗ സങ്കേതം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.
ജില്ലയില്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന പ്രാരംഭഘട്ടത്തില്‍ തന്നെ ബാധിക്കപ്പെടുന്ന പ്രദേശങ്ങളാണ് കുരുമ്പന്മൂഴിയും അരയാഞ്ഞിലിമണ്ണും. ഓരോ വര്‍ഷവും കാലവര്‍ഷത്തില്‍ കുരുമ്പന്മൂഴി കോസ്വെ പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്ന് മുങ്ങുന്നതു മൂലം സമീപത്തുള്ള പട്ടികവര്‍ഗ സങ്കേതത്തിലെ ആയിരത്തോളം കുടുംബാംഗങ്ങള്‍ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം ആണ് ആവര്‍ത്തിച്ചുവരുന്നത്.
മഴ എത്തുന്നതിന് മുന്‍പേ എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍, റേഷന്‍ വിതരണം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. നദിക്കു കുറുകെ കടക്കാന്‍ സാധ്യമാകാത്ത പക്ഷം പുറത്തേക്ക് എത്തിച്ചേരാന്‍ ഇക്കുറി വനത്തിലൂടെയുള്ള പാത സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. നാല് കോടി രൂപയോളം ചെലവില്‍ കുരുമ്പന്മൂഴി പാലവും, രണ്ടെമുക്കാല്‍ കോടി രൂപയോളം ചെലവില്‍ അരയാഞ്ഞിലിമണ്ണ് പാലവും നിര്‍മിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവായി കഴിഞ്ഞുവെന്നും മന്ത്രി കെ. രാധാകൃഷ്ണന്റെയും, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ യുടെയും ശ്രമഫലമായാണ് പാലം എന്ന ദീര്‍ഘ നാളത്തെ ആവശ്യം യാഥാര്‍ഥ്യമാകുന്നതെന്നും കളക്ടര്‍ പറഞ്ഞു.
തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, റാന്നി തഹസില്‍ദാര്‍ എം.കെ. അജികുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോജി ജോസഫ്, വില്ലേജ് ഓഫീസര്‍ സാജന്‍ ജോസഫ്, വില്ലേജ് അസിസ്റ്റന്റ് എമേഴ്സണ്‍ ജോസഫ്, വെച്ചൂച്ചിറ എസ്‌ഐ സായി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.