പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ നടത്തിയ ‘കരുതലും കൈത്താങ്ങും’ അദാലത്തിലൂടെ 1347 പരാതികൾ പരിഹരിച്ചതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവനും ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. താലൂക്കുതല അദാലത്തുകളുടെ പരിഗണനയ്ക്കു വന്ന പരാതികളിൽ അവശേഷിച്ചവയിൽ തീർപ്പുകൽപ്പിക്കുന്നതിനായി ഇന്നലെ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥതല ജില്ലാതല അദാലത്ത് യോഗത്തിൽ പങ്കെടുത്തശേഷമാണ് മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും ഇക്കാര്യം അറിയിച്ചത്.
മേയ് 2,4,6,9,20 തിയതികളിലാണ് ജില്ലയിലെ കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, മീനച്ചിൽ താലൂക്കുകളിലായി കരുതലും കൈത്താങ്ങും അദാലത്തുകൾ സംഘടിക്കപ്പെട്ടത്. ഈ അദാലത്തുകളിൽ ആകെ 2564 പരാതികളാണ് ലഭിച്ചത്. ഇതിൽ 658 പരാതികൾ അദാലത്തിലെ വിഷയമല്ലാത്തതിനാൽ നിരസിച്ചു. 573 എണ്ണം പരിഹാരം സാധ്യമല്ലാത്തതാണ്. ശേഷിച്ച 1303 പരാതികൾ ഇന്നലത്തെ ഉദ്യോഗസ്ഥ തല യോഗത്തിനു മുമ്പേ പരിഹരിക്കാനായി. മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും നേതൃത്വം നൽകിയ അദാലത്തു യോഗത്തിൽ അവശേഷിച്ച 30 പരാതികളാണ് വന്നത്. അവ പരിഹരിച്ചതിനൊപ്പം ഇന്നലെ സമർപ്പിച്ച 14 പുതിയ പരാതികളിലും തീർപ്പുണ്ടായതോടെ ജില്ലയിൽ 1347 പരാതികളിലാണ് അദാലത്തിലൂടെ പരിഹാരം സാധ്യമായത്.
അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന പരാതികളിൽ അടിയന്തരനടപടിയെടുക്കാൻ മന്ത്രിമാർ അദാലത്തിൽ ആവശ്യപ്പെട്ടു. കാലിവളർത്തൽ ഫാമിലെ മാലിന്യപ്രശ്‌നം, സ്‌കോളർഷിപ്പ്, പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള ധനസഹായം, തോട്ടിലെ നീരൊഴുക്ക് തടയുന്നത്, നടപ്പുവഴി, കെട്ടിടനമ്പർ ലഭിക്കാത്തത്, വീടുവയ്ക്കുന്നതിനായി നിലംനികത്താൻ അനുമതി, സ്റ്റാംപ് ഡ്യൂട്ടിയിൽ ഇളവ് തുടങ്ങിയ പരാതികളാണ് ഇന്നലെ അദാലത്തിൽ മന്ത്രിമാർക്കു മുന്നിലെത്തിയത്.
ജില്ലാ കളക്ടർ വി. വിഘ്നേശ്വരി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി. ജോസഫ്,ആർ.ഡി.ഒമാരായ വിനോദ് രാജ്, പി.ജി. രാജേന്ദ്രബാബു, ജില്ലാ തല ഉദ്യോഗസ്ഥർ, താലൂക്ക് തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഏറ്റവും കൂടുതൽ പരാതികൾ പരിഹരിച്ചത് കോട്ടയം താലൂക്കിൽ
കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ പരാതികൾ അദാലത്തിലൂടെ പരിഹരിക്കപ്പെട്ടത്; 391 പരാതികൾ. വൈക്കം താലൂക്കിൽ 354 പരാതികളും മീനച്ചിൽ താലൂക്കിൽ 196 പരാതികളും ചങ്ങനാശേരി താലൂക്കിൽ 192 പരാതികളും കാഞ്ഞിരപ്പള്ളി താലൂക്കിൽ 170 പരാതികളും പരിഹരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ പരാതികൾക്ക് പരിഹാരമുണ്ടായത്.; 501 എണ്ണം. കോട്ടയം താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട് 129 പരാതികൾ, ചങ്ങനാശേരി താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട് 26 പരാതികൾ, കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട് 15 പരാതികൾ, മീനച്ചിൽ താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട് 27 പരാതികൾ, വൈക്കം താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട് 99 പരാതികൾ എന്നിവയും അദാലത്തുകളിൽ പരഹരിക്കാനായി.