വ്യക്തി വിരോധം തീര്‍ക്കാനും മറ്റു സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വിവരവാകാശ നിയമം ദുരുപയോഗം ചെയ്യരുതെന്ന് വിവരാവകാശ കമ്മീഷണര്‍ എ.എ ഹക്കീം പറഞ്ഞു. അടുത്ത കാലത്തായി ഈ പ്രവണത കാണുന്നുണ്ട്. അഴിമതി കണ്ടുപിടിക്കുന്നതിനോ, ഓഫീസിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനോ സഹായകമല്ലാത്ത വിവരാവകാശ അപേക്ഷ നല്‍കി ജീവനക്കാരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത് പ്രതികൂലമായി ബാധിക്കുന്നത് പൊതു സമൂഹത്തെയാണ്. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമം ഒരു പരിരക്ഷയും നല്‍കുന്നില്ല. വിവരം നല്‍കിയ ആളാണെങ്കില്‍ വിരമിച്ചാലും നിയമത്തിന്റെ പരിധിയില്‍ വരും. അപേക്ഷകന് വിവരം നല്‍കുന്നതിന് പകരം എങ്ങനെ നല്‍കാതിരിക്കാം എന്നതിലാണ് പല ഉദ്യോഗസ്ഥരുടേയും ഗവേഷണമെന്നും വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.

അപേക്ഷകനോട് വിവരാവകാശ നിയമ പ്രകാരമല്ലാത്ത ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടുന്നതും അപേക്ഷകനെ ഭീഷണിപ്പെടുത്തുന്നതും വിവരാവകാശ കമ്മീഷണര്‍മാര്‍ അല്ലാതെ ഹിയറിങ്ങിന് വിളിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഫയലുകള്‍ നശിപ്പിക്കുന്നതിന് മുമ്പ് നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം.

ജില്ലയില്‍ വനംവകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി പ്രത്യേകം സിറ്റിംഗ് നടത്തുന്നകാര്യം കമ്മീഷന്‍ പരിഗണിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ പറഞ്ഞു. മൂന്നാം കക്ഷിയുടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ പ്രകാരം അപേക്ഷ ലഭിച്ചാല്‍ മൂന്നാം കക്ഷിയുടെ സമ്മതമില്ലാതെ നല്‍കാന്‍ പാടില്ല.

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ തെളിവെടുപ്പില്‍ വിവിധ വകുപ്പുകളിലെ എസ്.പി.ഐ.ഒ മാരും ഒന്നാം അപ്പീല്‍ അധികാരികളും അപ്പീല്‍ ഹര്‍ജിക്കാരും പങ്കെടുത്തു. 21 ഫയലുകളാണ് കമ്മീഷന്‍ പരിശോധിച്ചത്. 17 എണ്ണം തീര്‍പ്പാക്കി. നാല് ഫയലുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി മാറ്റിവെച്ചു.