*വള്ളിയൂര്‍ കാവ് – കമ്മന പാലം നിര്‍മ്മാണവും തുടങ്ങും

മാനന്തവാടി വള്ളിയൂര്‍കാവ് ദേവസ്വത്തിന്റെ സ്ഥലത്ത് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കിയ മാര്‍ക്കറ്റിംഗ് സ്‌പേസ് നടത്തിപ്പ് ചുമതല വളളിയൂര്‍കാവ് ദേവസ്വത്തിന് നല്‍കാന്‍ ധാരണയായി. തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിഹിതം സംബന്ധിച്ച കാര്യത്തില്‍ ടൂറിസം – ദേവസ്വം വകുപ്പുകള്‍ തമ്മില്‍ ധാരണയിലെത്തും. പദ്ധതി ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ യോഗത്തില്‍ എം.എല്‍.എയും കളക്ടറും ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. മാര്‍ക്കറ്റിംഗ് സ്‌പേസില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ടൂറിസം വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുക്കും.

മറ്റൊരു പദ്ധതിയായ വള്ളിയൂര്‍കാവ് – കമ്മന പാലം നിര്‍മ്മാണം സംബന്ധിച്ച് ദേവസ്വം വക വിട്ടു നല്‍കേണ്ട ഭൂമി വിട്ടു നല്‍കാനും തീരുമാനമായി. പുതിയ പാലം യാഥാര്‍ത്ഥ്യമാകുന്ന മുറക്ക് നിലവിലെ ദേവസ്വം സ്ഥലത്തിലൂടെയുള്ള പഴയ പാലത്തിന്റെ റോഡ് ഉള്‍പ്പെടെ പൊളിച്ച് മാറ്റി ദേവസ്വത്തിന് ലഭ്യമാക്കി നല്‍കാനും ധാരണയായി. പുതിയ പാലം നിര്‍മ്മിക്കുന്നത് കൊണ്ട് ദേവസ്വത്തിന് സ്ഥല നഷ്ടം സംഭവിക്കാതിരിക്കാന്‍ പ്രധാന റോഡ് മുതല്‍ തൂണുകളിലൂടെയാണ് പാലം നിര്‍മ്മാണം നടത്തുന്നത്.

കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, നഗരസഭാ കണ്‍സിലര്‍ പി.വി. സുനില്‍കുമാര്‍, തഹസില്‍ദാര്‍ പി.യു. സിതാര, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഭാത്, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി. നന്ദകുമാര്‍, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. അജിത്, പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി, വള്ളിയൂര്‍ക്കാവ് പാരമ്പര്യേതര ട്രസ്റ്റി ടി.കെ. അനില്‍കുമാര്‍, അസി. എഞ്ചിനീയര്‍ കുട്ടികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.