കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി ‘പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനകളും-സംയോജനത്തിൻറെ സാർവത്രീകരണം’ എന്ന വിഷയത്തിൽ കോവളം ഉദയ സമുദ്രയിൽ സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാലയ്ക്ക് തുടക്കമായി. ഗ്രാമീണ ദാരിദ്ര്യ ലഘൂകരണത്തിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനും സംയോജനം സാർവത്രികമാക്കുന്നതിന്റെ പ്രാധാന്യത്തിലൂന്നിയായിരുന്നു തുടക്കം.

ഫലപ്രദമായ സംയോജന പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നതിനും  പദ്ധതി നടത്തിപ്പിലെ സുതാര്യത ഉറപ്പു വരുത്തുന്നതിനും സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകമായെന്നും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം സെക്രട്ടറി ശൈലേഷ് കുമാർ സിങ്ങ്  ശിൽപശാലയിൽ ഓൺലൈനായി പങ്കെടുത്ത് പറഞ്ഞു. പ്രത്യേക പരിഗണന നൽകി ഉപജീവന പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതടക്കം നിരവധി വികസന മാതൃകകളാണ് കുടുംബശ്രീ എൻ.ആർ.ഒ മുഖേന സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംയോജന മാതൃകകൾ ഗ്രാമീണ ജനവിഭാഗത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിൽ പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്ത പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുത്ത ബ്ളോക്കുകളിൽ വിവിധ ഘട്ടങ്ങളായി നടപ്പാക്കുകയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കുടിവെള്ളം, ശുചിത്വം, ആരോഗ്യം, ദാരിദ്ര്യ ലഘൂകരണം, സാമൂഹ്യ സുരക്ഷ, ലിംഗസമത്വം, ഗുണനിലവാരമുള്ള  വിദ്യാഭ്യാസം, തൊഴിലും സാമ്പത്തിക വളർച്ചയും, പങ്കാളിത്ത ആസൂത്രണം തുടങ്ങി സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കേരളത്തിലെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനകളും തമ്മിലുളള സംയോജനം വളരെയേറെ സഹായകമായിട്ടുണ്ടെന്ന് ശിൽപശാലയിൽ ഓൺലൈനിൽ പങ്കെടുത്ത കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സെക്രട്ടറി സുനിൽകുമാർ പറഞ്ഞു. ശിൽപശാലയിൽ പങ്കെടുക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇവയുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ട്  തങ്ങളുടെ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നതിനുള്ള പരിശ്രമങ്ങൾ ഉണ്ടാകണം. ഇതു വഴി ഗുണപരമായ പരിവർത്തന പ്രക്രിയയിൽ പങ്കാളിത്തം കൈവരിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ സജിത് സുകുമാരൻ സ്വാഗതം പറഞ്ഞു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി സ്മൃതി ശരൺ, മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവർ ശിൽപശാലയിൽ സംസാരിച്ചു.

പദ്ധതി  വ്യാപനത്തിന്റെ മുന്നോടിയായി ഹിമാചൽ പ്രദേശ്, നാഗാലാൻഡ്, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുമായും കുടുംബശ്രീ ഡയറക്ടർ അനിൽ.പി.ആൻറണി ധാരണാപത്രം ഒപ്പു വച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംയോജന പദ്ധതികളുടെ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചു തയ്യാറാക്കിയ ‘കൺവർജൻസ് ക്രോണിക്കിൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം സ്മൃതി ശരൺ മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനു നൽകി നിർവഹിച്ചു. എസ്.എം.വിജയാനന്ദ്, എൻആർ.എൽ.എം ടീം ലീഡ് ഉഷാ റാണി, ത്രിപുര ഗ്രാമീണ ഉപജീവന മിഷൻ ചീഫ് എക്സിക്യുട്ടീവ് ഡയറക്ടർ പ്രസാദ റാവു വദറാപു, നാഗാലാൻഡ് റൂറൽ ഡെവലപ്മെൻറ് ജോയിൻറ് സെക്രട്ടറിയും മിഷൻ ഡയറക്ടറുമായ ഇംപ്റ്റിനെൻലാ, ആസാം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കൃഷ്ണ ബറുവ എന്നിവരെ ആദരിച്ചു. കുടുംബശ്രീയുടെ ഇരുപത്തിയഞ്ച് വർഷത്തെ വളർച്ചയും വികാസവും വ്യക്തമാക്കുന്ന സംഗീത ശിൽപം കുടുംബശ്രീ രംഗശ്രീയിലെ കലാകാരികൾ അവതരിപ്പിച്ചു.

സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറ്,  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറ്, പഞ്ചായത്ത് രാജ് വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷൻ ഉദ്യോഗസ്ഥർ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.

കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പാക്കുന്ന മികച്ച മാതൃകകൾ നേരിട്ടറിയുന്നതിനായി പ്രതിനിധികൾ ആറു സംഘങ്ങളായി ജില്ലയിൽ വെങ്ങാനൂർ, ബാലരാമപുരം, കോട്ടുകാൽ, കാഞ്ഞിരംകുളം, പള്ളിച്ചൽ, കരകുളം എന്നീ പഞ്ചായത്തുകളിലെ ബഡ്സ് സ്‌കൂൾ, അങ്കണവാടി, ബഡ്ജറ്റ് ഹോട്ടൽ, ഹരിതകർമ സേന എന്നിവ സന്ദർശിച്ചു.