കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ ആദ്യ സംഘം കേരളത്തിൽ മടങ്ങിയെത്തി.
6.45 നുള്ള എയർ ഇന്ത്യ വിമാനത്തിൽ 143 ഹാജിമാരുമായി കരിപ്പൂർ വിമാനത്താവളത്തിലാണ് ആദ്യ സംഘം മടങ്ങിയെത്തിയത്. തിരിച്ചെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ വിമാന താവളത്തിൽ സ്വീകരിച്ചു. 68 പുരുഷന്മാരും 75 സ്ത്രീകളുമടങ്ങിയതാണ് ആദ്യ സംഘം. വരും ദിവസങ്ങളിൽ കൂടുതൽ ഹാജിമാർ തിരിച്ചെത്തും.
കണ്ണൂരിലേക്കുള്ള ആദ്യ വിമാനം 14ന് വെള്ളിയാഴ്ച 12.45നും, കൊച്ചിയിലേക്കുള്ള വിമാനം 18ന് രാവിലെ 10 മണിക്കുമാണ് ഷെഡ്യുൾ ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് രണ്ട് വരെയാണ് മടക്ക യാത്ര ക്രമീകരിച്ചിരിക്കുന്നത്.
11556 പേരാണ് ഇത്തവണ കേരളത്തിൽ നിന്നും ഹജ്ജിന് യാത്ര തിരിച്ചത്. ഇതിൽ 11252 പേർ കേരളത്തിൽ നിന്നുള്ളവും 304 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. ഹജ്ജിന് പുറപ്പെട്ടവരിൽ എട്ട് പേർ ഇതിനകം മരണപ്പെട്ടിട്ടുണ്ട്.
ചെയർമാൻ സി. മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് സമദാനി എം.പി., മെമ്പർമാരായ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ., അഡ്വ. പി. മൊയ്തീൻകുട്ടി, പി.പി.മുഹമ്മദ് റാഫി , ഡോ. ഐ.പി. അബ്ദുസ്സലാം, പി.ടിഅക്ബർ , എ.സഫർ കയാൽ, കെ.എം മുഹമ്മദ് കാസിം കോയ,കെ പി സുലൈമാൻ ഹാജി, എക്‌സിക്യൂട്ടീവ് ഓഫീസ്സർ പി.എം ഹമീദ് , അസിസ്റ്റന്റ് സെക്രട്ട’റി എൻ. മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.