അദാലത്തിന്റെ തുടര്പ്രവര്ത്തനങ്ങള് വിവിധ വകുപ്പുകള് നടത്തിവരികയാണ്. പരാതികള്ക്ക് സത്വര പരിഹാരം കാണുന്നതില് മാതൃകാപരമായ പ്രവര്ത്തനമാണ് ജില്ല കാഴ്ചവച്ചത്. ബാക്കിയുള്ള പരാതികള് കൂടി പരിഹരിക്കുന്നതില് ഉടന് നടപടികള് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
അദാലത്തില് വന്ന പരാതികളിലും അപേക്ഷകളിലും സാങ്കേതികമായ മറുപടി മാത്രം നല്കി അവസാനിപ്പിച്ച കേസുകളുണ്ടെങ്കില് അവ പുനപ്പരിശോധിക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര് ബിന്ദു ആവശ്യപ്പെട്ടു. കേവലം ഫയല് ക്ലോസ് ചെയ്യലല്ല അദാലത്തുകള് കൊണ്ട് ഉദ്ദേശിക്കുന്നത്. കണ്ണീരോടെ സമര്പ്പിക്കുന്ന അപേക്ഷകളില് ആത്മാര്ഥമായ പരിഹാരം ഉണ്ടാകണം. തൃശൂരില് സെപ്തംബര് ഏഴിന് മുഖ്യമന്ത്രി പങ്കെടുക്കുന്ന മേഖലാതല അവലോകനയോഗത്തില് വ്യക്തിഗത പരാതികള്ക്ക് പുറമെ ജില്ലയുടേതായ വികസനപ്രശ്‌നങ്ങളും പരിഗണിക്കുമെന്നും മന്ത്രി ആര് ബിന്ദു പറഞ്ഞു.
അദാലത്തുകളില് മന്ത്രിമാര് കാണിച്ചുതന്ന മാതൃകയില് മറ്റു പരാതികളും പരിഹരിക്കാന് തയ്യാറാകണമെന്ന് റവന്യൂ മന്ത്രി കെ രാജന് പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന മലപ്പുറം, തൃശൂര്, പാലക്കാട് ജില്ലകളുടെ മേഖലാതല അവലോകന യോഗത്തില് ജില്ലയുടേതായ പ്രശ്‌നങ്ങളും വികസന പ്രവര്ത്തനങ്ങളും അവലോകനം ചെയ്യും. ദേശീയപാത, തീരദേശപാത, മലയോരപാത, വിവിധ പദ്ധതികള്, വകുപ്പ് പ്രവര്ത്തനങ്ങള് തുടങ്ങിയവ അവലോകനം ചെയ്യും. അദാലത്തുകള് ഒറ്റത്തവണ നടത്തി അവസാനിപ്പിക്കാനല്ല സര്ക്കാര് ലക്ഷ്യമിടുന്നത്. തുടര്ച്ചയായ പ്രക്രിയയായി തുടരാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.