‘കരുതലും കൈത്താങ്ങും’അദാലത്തുകളില്‍ ലഭിച്ച പരാതികളില്‍ തുടര്‍നടപടി ഉറപ്പാക്കണമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. താലൂക്ക്തല അദാലത്തുകളിൽ ലഭിച്ച പരാതികളില്‍ പുനരവലോകനം നടത്തുന്നതിനായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഭിച്ച പരാതികള്‍ അനന്തമായി നീട്ടിവെയ്ക്കാതെ നിയമപരമായി ചെയ്യാൻ സാധിക്കുന്ന തരത്തിൽ പരിഹാരം കാണണം. പൂക്കോട്ടുംപാടം ട്രൈബൽ കോളനിയിലെ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ നടപടി കൈകൊള്ളണമെന്നും കോളനിയിലെ വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ച് നൽകണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

താലൂക്ക് തല അദാലത്തുകളിൽ ലഭിച്ച പരാതികള്‍ നല്ല രീതിയിൽ തീർപ്പാക്കാൻ സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. താലൂക്ക്തല അദാലത്തിൽ ലഭിച്ച് തീര്‍പ്പാകാതെ ജില്ലാ തലത്തിലേക്ക് മാറ്റിവെച്ച പരാതികളാണ് പുനരവലോകന യോഗത്തിൽ പരിഗണിച്ചത്.
മലപ്പുറം ജില്ലയിലെ ഏഴു താലൂക്കുകളിലായി നടന്ന അദാലത്തുകളില്‍ ആകെ 7717 പരാതികളാണ് ലഭിച്ചത്. ഇതിൽ 2937 പരാതികൾ തീർപ്പാക്കി. രണ്ട് പരാതികൾ നിരസിച്ചു. 4680 പരാതികൾ ജില്ലാതലത്തില്‍ തീർപ്പാക്കാൻ കഴിയാത്തവയാണ്. ഇവ സെപ്തംബറില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന മേഖലാതല യോഗത്തില്‍ പരിഗണിക്കും. 98 പരാതികളാണ് ജില്ലയില്‍ ഇനി തീർപ്പാക്കാൻ ബാക്കിയുള്ളത്.