കാലങ്ങളായി ശോചനീയാവസ്ഥയിലായിരുന്ന കൂറ്റനാട്-പെരിങ്ങോട് റോഡ് പ്രശ്‌നം ശാശ്വതമായി പരിഹരിക്കപ്പെടുകയാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. നാഗലശ്ശേരി പഞ്ചായത്തിലെ കൂറ്റനാട്-പെരിങ്ങോട് റോഡിന്റെ നവീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് കോടി ചെലവില്‍ റോഡിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്. ഒന്നരക്കോടി രൂപ ചെലവിലാണ് രണ്ടാംഘട്ടം ആരംഭിക്കുക. കിഫ്ബി പദ്ധതികള്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സഹായമാണ് നല്‍കുന്നത്. 105 കോടി രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിച്ച കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജ് മണ്ഡലത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിഫ്ബിയുടെ സഹായത്തോടെയാണ് നിര്‍മ്മാണം നടക്കുന്നത്. വിദ്യാഭ്യാസത്തിനുവേണ്ടി 43 കോടി രൂപയാണ് മണ്ഡലത്തില്‍ ചെലവാക്കിയത്. ഇതില്‍ ഭൂരിഭാഗം തുകയും കിഫ്ബി പദ്ധതിയാണ്. മണ്ഡലത്തില്‍ ആരംഭിക്കാനിരിക്കുന്ന നഴ്‌സിങ് കോളെജ് ഇറിഗേഷന്‍ വകുപ്പിന്റെ കെട്ടിടത്തില്‍ താത്ക്കാലിക പ്രവര്‍ത്തനം തുടങ്ങും. അടുത്ത അധ്യയന വര്‍ഷം മുതല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കും. കോളേജിന് സ്വന്തമായി കെട്ടിടം ഒരുക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തൃത്താല ഗവ കോളെജിനായി 8.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആയുര്‍വേദ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും അദ്ദേഹം പറഞ്ഞു.
പെരിങ്ങോട് സെന്ററില്‍ നടന്ന പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന അധ്യക്ഷയായി. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ പി.ആര്‍ കുഞ്ഞുണ്ണി, കെ.വി സുന്ദരന്‍, പി.വി വിനീത, എ.എം രാജന്‍, പി.വി പ്രിയ, സി. ഇന്ദിര, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.